Latest News

ഉദുമ ഉപതെരഞ്ഞെടുപ്പ് : 61.61 ശതമാനം പോളിംഗ് ;ഫലപ്രഖ്യാപനം വെള്ളിയാഴ്ച


ചെമ്മനാട് [www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 61.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടന്ന വോട്ടെടുപ്പില്‍ 32012 പേരാണ് വോട്ട് ചെയ്തത്. പളളിക്കര, ഉദുമ, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിലെ 72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടായിരുന്നത്. കഴിഞ്ഞ തവണ 50925 വോട്ടര്‍മാരില്‍ 37363 പേര്‍ സമമതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 73.37 ശതമാനമായിരുന്നു പോളിംഗ് നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു 18489, എം എ ലത്തീഫ് 12052, എന്‍ ബാബുരാജ് 6131, പി മുഹമ്മദ് കുഞ്ഞി 401, എം ഹുസ്സയിന്‍ 237 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.

ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണി മുതല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിലാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ 11.30 ഓടെ ഫലം അറിയാം. അഞ്ച് ടേബിളുകളിലായി 15 തവണയായാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറേയും കൗണ്ടിംഗ് അസിസ്റ്റന്റിനെയും കൂടാതെ സ്ഥാനാര്‍ത്ഥിയോ ഏജന്റുമാരോ ഉണ്ടായിരിക്കും. എന്‍ ബാബുരാജ് (ബി ജെ പി), മൊയ്തീന്‍ കുഞ്ഞി കളനാട് (ഐ എന്‍ എല്‍), ഷാനവാസ് പാദൂര്‍ (ഐ എന്‍ സി) എന്നിവരാണ് ഉദുമയില്‍ ജനവിധി തേടുന്നത്. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉദുമയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ നടക്കുന്ന ചെമ്മനാട് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കും. കാസര്‍കോട്, ഹൊസ്ദുര്‍ഗ് ഡി വൈ എസ് പി മാരുടെ കീഴില്‍ വിദ്യാനഗര്‍ സി ഐ കെ വി പ്രമോദന്റെ നേതൃത്വത്തില്‍ 32 അംഗ പോലീസ് സേനയെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുളളത്. കൂടാതെ രണ്ട് വീതം മൊബൈല്‍ യൂണിറ്റുകളും പിക്കറ്റ് യൂണിറ്റുകളും പ്രദേശത്ത് ക്യാമ്പ് ചെയ്യും. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കര്‍ശന പരിശോധനയിലൂടെ മാത്രമെ പ്രവേശനം അനുവദിക്കുകയുളളൂ. വോട്ടെണ്ണലിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാനഗര്‍ സി ഐ അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.