Latest News

ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

ന്യൂമാഹി:[www.malabarflash.com] മമ്മിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ന്യൂമാ ഹി ഹോളോബ്രിക്‌സ് വ്യാപാരിയായ പുതിയപുരയില്‍ വൈദ്യന്റവിട സിദ്ദീഖി(72)ന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. 2012ല്‍ ഖബറടക്കിയ എം കെ അബ്ദുള്ള എന്നായാളുടെ പേര് നാമകരണം ചെയ്ത കല്ല് ഇളക്കി മാറ്റിയാണ് മൃതദേഹം മൂന്നടി ആഴത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

കാല്‍പാദം പുറത്തായ നിലയിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ തലശ്ശേരി ആര്‍ ഡി ഒ സംഭവസ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലശ്ശേരി ഡി വൈ എസ് പി ഷാജുപോള്‍, സി ഐ മനോജ്, എസ് ഐ ശ്രീഹ രി എന്നിവരും മൃതദേഹം പുറത്തെടുക്കുമ്പോള്‍ സ്ഥലത്തെത്തിയിരുന്നു. വിവരമറിഞ്ഞതോടെ പള്ളി ഖബര്‍സ്ഥാനില്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടി.
വ്യാഴാഴ്ച രാവിലെ കീമോ എന്ന പോലീസ് നായ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ട കബറിടത്തിനടുത്തായി സിദ്ദീഖിന്റെ ഷര്‍ട്ട്, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവയും കണ്ടെത്തി. ഇതിന് തൊട്ടടുത്തായി മറ്റൊരു കുഴിയെടുക്കാന്‍ ശ്രമിച്ച് പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണുള്ളത്.
കൊലപാതകം നടത്തിയ ആളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പള്ളിയില്‍ മയ്യത്ത് അടക്കം ചെയ്യാനായി കുഴിയെടുക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. പണം അപഹരിക്കാനാണ് കൊല നടത്തിയതെന്നാണ് സൂചന. സിദ്ദീഖിന്റെ കൈവശം എപ്പോഴും ആയിരക്കണക്കിന് രൂപ ഉണ്ടാവാറുണ്ട്. ഇത് മനസിലാക്കിയ ആളുകളാണ് കൊല നടത്തിയതെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉടനെ ഉണ്ടാവുമെന്നാണ് സൂചന.

കഴിഞ്ഞ ഒമ്പതിനാണ് സിദ്ദീഖിനെ കാണാതായത്. ബന്ധുക്കളുടെ പരാതി പ്രകാരം ന്യൂമാഹി പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഖബര്‍സ്ഥാനിനടുത്തുള്ള പള്ളിക്കുളം പരിശോധിക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ട് പോലീസ് സംഘം തെരച്ചില്‍ നടത്തിയപ്പോഴാണ് ഖബര്‍സ്ഥാനില്‍ കാല്‍പാദം കണ്ടത്.
കഴിഞ്ഞ 9ന് ഉച്ചകഴിഞ്ഞ് മൂന്നിന് സിദ്ദീഖ് പള്ളിഭാഗത്തേക്ക് നടന്നുപോകുന്നതായി തൊട്ടടുത്ത ഷോപ്പിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
അഴുകിയ ജഡമായതിനാല്‍ സംഭവ സ്ഥലത്ത് നിന്നുതന്നെഉച്ചയോടെ ഖബര്‍സ്ഥാന്‍ പരിസരത്ത് വെച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള പോസ്റ്റുമോര്‍ട്ടം ചെയ്തു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു സിദ്ദീഖ്. 

മയ്യത്തിന്റെ തുണിത്തരങ്ങളും മറ്റും വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍. സിദ്ദീഖിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണ്.
പരേതയായ ഖദീജയാണ് സിദ്ദീഖിന്റെ ഭാര്യ. ഏകമകള്‍ റുഖിയ. സഹോദരങ്ങള്‍: പി വി സി കുഞ്ഞഹമ്മദ്, ഹാഷിം.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.