Latest News

പീഡനത്തിനിരയായി പ്രസവിച്ച പതിനാറുകാരി ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍:[www.malabarflash.com] പീഡനത്തിനിരയായി പ്രസവിച്ച പതിനാറുകാരിയെ ആരോഗ്യം തകര്‍ന്നതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍മന്ദം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് പ്രസവശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വ്യാഴാഴ്ച തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.

ജൂലായ് 25നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പീഡനക്കേസിലെ പ്രതികളെ ഭയന്ന് രക്ഷിതാക്കള്‍ കുട്ടിയെ പാലക്കാട്ടുള്ള നിര്‍ഭയ സംരക്ഷണകേന്ദ്രത്തിലാക്കുകയായിരുന്നു. നിര്‍ഭയയില്‍ ഏല്പിക്കുമ്പോള്‍ കുട്ടി എട്ടുമാസം ഗര്‍ഭിണിയായിരുന്നു.

പ്രസവദിവസം പെണ്‍കുട്ടിയുടെ ആരോഗ്യം തൃപ്തികരമായിരുന്നു. പിന്നീട് നില മോശമായി. രക്തത്തെയും വൃക്കയെയും ബാധിക്കുന്ന രോഗലക്ഷണങ്ങള്‍ കണ്ടതോടെ തൃശ്ശൂരിലെത്തിച്ചു. ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടിവരുമെന്നാണ് പറയുന്നത്.

മൂന്നുവര്‍ഷത്തിലധികമായി പെണ്‍കുട്ടിയെ പ്രദേശത്തുള്ള ഒരാള്‍ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രതി കുത്തനൂര്‍ പടിഞ്ഞാറേതറ രമേശ് നായര്‍ (45) ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് കുഴല്‍മന്ദം പോലീസ് പറയുന്നത്. കേസ് വന്നപ്പോഴേ അയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസസൗകര്യം ഏര്‍പ്പാടാക്കിയത് പ്രതിയാണെന്ന സംശയവും പോലീസ് സൂചിപ്പിച്ചിരുന്നു. നാട്ടിലെ വീട് പൂട്ടിക്കണ്ടപ്പോള്‍ നാട്ടുകാര്‍ അന്വേഷിച്ചു.

മെയ് 25ന് കുഴല്‍മന്ദം പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലും മാധ്യമങ്ങളില്‍ വാര്‍ത്തവന്നതും കൂടിയായപ്പോഴാണ് പോലീസ് അനങ്ങിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈറോഡില്‍ ഒരു വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി, രക്ഷിതാക്കള്‍ക്കൊപ്പം തിരിച്ചുകൊണ്ടുവന്നു. ഈറോഡിലെ വീട്ടില്‍ ഇതുപോലെ മറ്റുചില പെണ്‍കുട്ടികള്‍കൂടി ഉണ്ടായിരുന്നതായും സംഭവത്തിനുപിന്നില്‍ ഒരു സംഘംതന്നെ ഉണ്ടെന്നും കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

നിര്‍ഭയ കേന്ദ്രത്തിലായിരുന്ന കാലയളവില്‍ മാത്രമാണ് കുട്ടിക്ക് ജില്ലാ ആസ്​പത്രിയില്‍ ഗര്‍ഭചികിത്സ ലഭിച്ചത്. കൗമാരപ്രായത്തിലുള്ള പ്രസവമാണ് കുട്ടിയുടെ ആരോഗ്യനില തകര്‍ത്തതെന്നാണ് ചികിത്സിച്ച ഡോക്ടറുടെ നിഗമനം. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കുറഞ്ഞതും യൂറിയയുടെ അളവ് കൂടിയതും അപായസൂചനകളായിരുന്നു.

പെണ്‍കുട്ടി പ്രസവിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മലമ്പുഴയിലെ ശിശുസംരക്ഷണകേന്ദ്രത്തിന് കൈമാറിയതായി നിര്‍ഭയ ഡയറക്ടര്‍ പി.ഇ. ഉഷ അറിയിച്ചു. കുഞ്ഞിനെ വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. ആസ്​പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിക്കുവേണ്ട ചികിത്സയെല്ലാം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.