Latest News

ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റും ഫ്ളിപ്പ് കാര്‍ട്ടും


[www.malabarflash.com]മൈക്രോസോഫ്റ്റും ഫ്ളിപ്പ് കാര്‍ട്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ജോലിയില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്ത ജീവനക്കാരെ പിരിച്ചുവിടാനാണ് ഫ്ളിപ്പ് കാര്‍ട്ട് ഒരുങ്ങുന്നത്. മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നതില്‍ നല്ലൊരുഭാഗം, കമ്പനി ഏറ്റെടുത്ത നോക്കിയയിലെ ജീവനക്കാരാണ്. ജോലിയില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്ത ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഫ്ളിപ്പ് കാര്‍ട്ട് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് മുമ്പില്‍ ഉപാധികള്‍ വെച്ചതായാണ് വിവരം.
സ്വയം പിരിഞ്ഞുപോകുക അല്ലെങ്കില്‍ ശമ്പളം വെട്ടിച്ചുരുക്കുന്നതിന് വിധേയമാകുക എന്ന നിലയിലാണ് മാനേജ്‌മെന്റ് നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ഫ്ളിപ്പ് കാര്‍ട്ട് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഈ തീരുമാനം 700 ജീവനക്കാരെ മുതല്‍ 1000 ജീവനക്കാരെ വരെ ബാധിക്കുമെന്നാണ് സൂചന. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് വെല്ലുവിളികള്‍ നേരിടുകയാണ്. വിപണി പിടിക്കാന്‍ കടുത്ത മത്സരം നേരിടുന്നതൊടാപ്പം, ചെലവ് ക്രമാതീതമായി ഉയരുന്നതും കമ്പനിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഒരുങ്ങുന്നത്. വളര്‍ച്ചയും, ചെലവും തമ്മില്‍ തുലനം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ കമ്പനിയ്ക്ക് 30,000 ജീവനക്കാരുണ്ട്. പുതിയ തീരുമാനം മൊത്തം തൊഴില്‍ശേഷിയുടെ 2 ശതമാനം മുതല്‍ 3 ശതമാനം വരെ ജീവനക്കാരെ മാത്രമേ ബാധിക്കുകയുളളുവെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
അടുത്തിടെ ഫ്ളിപ്പ് കാര്‍ട്ട് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതിനിടെ ഫഌപ്പ്കാര്‍ട്ടിന്റെ ഭാഗമായ മിന്ത്ര ജബോംഗിനെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുളള നീക്കവുമായി കമ്പനി മുന്നോട്ടുപോകുന്നതിനെ ആശങ്കയോടെയാണ് മേഖലയിലുളളവര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ വര്‍ഷം 7800 ജീവനക്കാരെയാണ് ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വര്‍ഷം മെയില്‍ 1850 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ആയിരത്തിലേറെ ജീവനക്കാരെ ഈ വര്‍ഷം തന്നെ അധികമായി പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. ജോലി നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും മൈക്രോസോഫ്റ്റിന്റെ ഭാഗമായി തീര്‍ന്ന നോക്കിയയിലെ ജീവനക്കാരാണ്. നോക്കിയ മൈാബൈല്‍ ബിസിനസ്സ് പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നോക്കിയയുടെ വിന്‍ഡോസ് ഫോണിന് വേണ്ടത്ര ജനപ്രീതി കൈവരിക്കാന്‍ കഴിയാതിരുന്നത് അടക്കമുളള കാര്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.

Keywords: Technolagy News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.