Latest News

ആത്മീയ സാഗരം തീര്‍ത്ത് മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം


മലപ്പുറം:[www.malabarflash.com] വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയുടെയും ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ധന്യരാവിന്റെയും ഇരട്ടി വിശുദ്ധിയിലേക്ക് ഒഴുകിയണഞ്ഞ ആബാലവൃദ്ധം ജനങ്ങള്‍ സ്വലാത്ത് നഗറില്‍ ആത്മീയസാഗരം തീര്‍ത്തു.

സയ്യിദുമാരുടെയും പണ്ഡിതരുടെയും നേതൃത്വത്തില്‍ പുലരുവോളം നടന്ന പ്രാര്‍ഥനകളില്‍ സംബന്ധിച്ച വിശ്വാസികള്‍ ക്ഷമയുടെയും സഹകരണത്തിന്റെയും ഉത്തമ മാതൃകകളായി.

ജുമുഅ വാങ്കിനു മുമ്പുതന്നെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് നിറഞ്ഞുകവിഞ്ഞു. പുറത്ത് വിശാലമായ സൗകര്യമേര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവര്‍ക്കും ആശ്വാസത്തോടെ പ്രാര്‍ഥനകളില്‍ സംബന്ധിക്കാനായി. അസര്‍ നിസ്‌കാരാനന്തരം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ അസ്മാഉല്‍ ബദര്‍ പാരായണം നടന്നു.


4:30ന് ബുര്‍ദ പാരായണത്തോടെ സജീവമായ പ്രധാന വേദിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി പ്രാര്‍ഥന നിര്‍വഹിച്ചു. വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, തസ്ബീഹ് എന്നിവക്ക് ശേഷം വിവിധഗ്രൗണ്ടുകളിലായി പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഇഫ്ത്വാര്‍ നടന്നു. മഅഗ്‌രിബിനു ശേഷം അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും ഇശാഅ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങളും നടന്നു.

9:45ന് സമാപന സംഗമത്തിന് തുടക്കം കുറിച്ചു. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. പ്രഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. സമസ്ത അധ്യക്ഷന്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.


സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഭീകര സംഘടനകളുടെ ക്രൂരതകള്‍ക്കെതിരെ പ്രതിജ്ഞാ ചടങ്ങ് നടന്നു. തൗബ, സമാപന പ്രാര്‍ഥന എന്നിവക്ക് അദ്ദഹം നേതൃത്വം കൊടുത്തു.

ആത്മീയ മാര്‍ഗങ്ങളെയും മതത്തിന്റെ കാമ്പറിഞ്ഞ പൂര്‍വസൂരികളെയും അവഗണിച്ചുകൊണ്ടുള്ള ഇസ്‌ലാമിക വിശ്വാസം അപൂര്‍ണമാണെന്ന് ഖലീലുല്‍ ബുഖാരി പറഞ്ഞു. തിരുനബിയില്‍ നിന്ന് പൈതൃകമായിക്കിട്ടിയ ഈ മഹത്തായ പാരമ്പര്യത്തെ കൈവെടിഞ്ഞതാണ് മുസ്‌ലിം ലോകത്ത് ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. വികല വിശ്വാസങ്ങള്‍ വികല ചിന്തയിലേക്കും അത് ആത്യന്തികമായി സമൂഹത്തിന്റെ സമാധാന തകര്‍ച്ചയിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം പേരില്‍ രംഗത്തുവന്ന ഭീകര സംഘങ്ങളൊക്കെ ഇത്തരത്തില്‍ പാരമ്പര്യനിരാസത്തില്‍ വളര്‍ന്നു വന്നവരാണ്. അവസാനമായി ഐ എസിലെത്തി നില്‍ക്കുന്ന ഈ അരാജക വാദികളെ പല്ലും നഖവുമുപയോഗിച്ചു എതിര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണം. മത പരിഷ്‌കരണത്തിന്റെയും നവോഥാനത്തിന്റെയും പേരില്‍ ഇത്തരം വികല ചിന്തകള്‍ മുസ്‌ലിം മനസ്സുകളില്‍ കുത്തിവെക്കാനുള്ള ഗൂഢശ്രമങ്ങളെപ്പറ്റി ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരതക്കെതിരെ ജനമനസ്സുകളെ ഒരുക്കിയെടുക്കാനാണ് എല്ലാ വര്‍ഷവും പ്രാര്‍ഥനാ സമ്മേളനത്തില്‍ ഐ എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങള്‍ക്കെതിരെ പ്രതിജ്ഞ നടത്തുന്നതെന്നും മഅദിന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

രോഗപ്രതിരോധത്തിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പുകളും വാക്‌സിനുകളും എടുക്കാന്‍ ആരും ശങ്കിച്ചു നില്‍ക്കേണ്ടതില്ലെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. വിശ്വസ്തരും നീതിമാന്മാരുമായ ആരോഗ്യ വിദഗ്ദര്‍ ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നതാണ് ഇസ്‌ലാമിക പക്ഷം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതെയാക്കാനും ഈ രംഗത്തെ അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടാനും സര്‍ക്കാറും സന്നദ്ധ സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, ഹബീബ് കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ്, ത്വാഹാ തങ്ങള്‍ തളീക്കര, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കാന്തപരും എ പി മുഹമ്മദ് മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടിമുസ്‌ലായാര്‍ കട്ടിപ്പാറ, അബുഹനീഫല്‍ ഫൈസി തെന്നല, എന്‍. അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സി മുഹമ്മദ് ഫൈസി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായ മംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എ പി അബ്ദുല്‍ കരീം ഹാജി, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വലാത്ത് നഗര്‍ ക്യാമ്പസിനെ അന്താരാഷ്ട്ര നിലവാരത്തില്‍ മാതൃകാ കാമ്പസാക്കി മാറ്റുന്ന സൗന്ദര്യവല്‍ക്കരണ പദ്ദതിയുടെ ഉദ്ഘാടനം വേദിയില്‍ നിര്‍വഹിച്ചു. കോഴിക്കോട്- പാലക്കാട് നാഷനല്‍ ഹൈവേയുടെ ഓരത്ത് ഏക്കറുകളോളം പരന്നു കിടക്കുന്ന സ്വലാത്ത്‌നഗറിന്റെ മുഖച്ഛായ മാറുന്ന രീതിയിലുള്ള പുത്തന്‍ പ്ലാനാണ് തയ്യാറാ ക്കിയിട്ടുള്ളത്. ഗ്രാന്റ ് മസ്ജിദ് തൊട്ട് മഅദിന്‍ പബ്ലിക്‌സ്‌കൂള്‍ വരെയുള്ള ഭാഗങ്ങളെ കോര്‍ത്തിണക്കി ആറ് കവാടങ്ങളോടെയുള്ള ഡിസൈന്‍ ഒരു ഹരിത കാമ്പസ് എന്ന ആശയത്തിലധിഷ്ഠി തമാണ്.

പ്രകൃതിയുടെ പച്ചപ്പ് ഒട്ടും നശിപ്പിക്കാത്ത തരത്തിലാണ് രൂപ കല്‍പ്പന. മഅദിന്‍ ചീഫ് ആര്‍ക്കിടെക്റ്റും ചെന്നൈയില്‍ പ്രശസ്തമായ ദീന്‍ ഉമര്‍ ഗ്രൂപ്പ് തലവ നുമായ താഹിറുദ്ധീന്‍ കബീറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദഗ്ധരാണ് സ്വലാത്ത് നഗറിന് പുത്തന്‍ മുഖം നല്‍കുന്ന പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.

സ്വലാത്ത് മജ്‌ലിസ് നടക്കുന്ന മുഖ്യഗ്രൗണ്ട് ഇന്റര്‍ലോക്ക് പാകി, മഴവെള്ളം സഭരി ക്കാനുള്ള സൗകര്യത്തോടെയാണ് ഡിസൈന്‍. ഈ സംരംഭത്തില്‍ പൊതു ജനങ്ങള്‍ക്കു കൂടി പങ്കാളികളാവാനുള്ള അവസരം നല്‍കുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.