Latest News

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: 6 പേര്‍ പിടിയില്‍; അറസ്റ്റ് കാസര്‍കോട്ടും പുണെയിലും

കാസര്‍കോട്:[www.malabarflash.com] വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ച് ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ ആറു പേര്‍ പുണെയിലും കാസര്‍കോടുമായി പിടിയില്‍.

കാസര്‍കോട് തളങ്കര സ്വദേശി ന്യൂമാന്‍ (24) ഉള്‍പ്പെടെ നാലു പേര്‍ പുണെയിലും കര്‍ണാടക വിട്‌ല സ്വദേശികളായ ബി.ബഷീര്‍, എന്‍.ഹംസ എന്നിവര്‍ കാസര്‍കോട്ടുമാണു പിടിയിലായത്.
പുണെയില്‍ പിടിയിലായ സംഘത്തിന്റെ പക്കല്‍ നിന്നു വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണയന്ത്രം, ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍, നൂറിലേറെ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, വാഹനം എന്നിവ പോലീസ് പിടിച്ചെടുത്തു. കാസര്‍കോട്ട് പിടിയിലായവരുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും. ഇവരുടെ സംഘത്തില്‍പ്പെട്ട മുഹമ്മദ് സാബിദ് (29) കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ന്യൂമാന്റെ നേതൃത്വത്തിലാണു തട്ടിപ്പു നടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം. ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ നൂറിലേറെ ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുകയായിരുന്നു. ഒട്ടേറെ മലയാളികളുടെ കാര്‍ഡ് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ഡ് സൈ്വപ് മെഷീനുമായി ബന്ധിപ്പിച്ചു മറ്റൊരു മെഷീന്‍ സ്ഥാപിച്ചാണ് ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇടപാടുകാര്‍ സാധനങ്ങള്‍ വാങ്ങിയശേഷം യഥാര്‍ഥ മെഷീനില്‍ കാര്‍ഡ് സ്വൈപ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ രണ്ടാമത്തെ മെഷീനിലേക്കു കൂടി പകര്‍ത്തപ്പെടും. ഈ വിവരങ്ങള്‍ ഉപയോഗിച്ചു വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി. 'ഡിസ്‌കവര്‍' എന്ന പേരില്‍, യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേനയുള്ള കാര്‍ഡ് ആണ് ഇവര്‍ നിര്‍മിച്ചത്.

നാട്ടിലെത്തിയ ശേഷം കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളില്‍ തട്ടിപ്പു നടത്തിയ ന്യൂമാനും മറ്റു മൂന്നു പേരും പിന്നീടു പുണെയിലേക്കു പോവുകയായിരുന്നു. പുണെയില്‍ ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ കാസര്‍കോട് പോലീസ് തുടങ്ങി.
കാസര്‍കോട്ട് പിടിയിലായ ബി.ബഷീര്‍, എന്‍.ഹംസ എന്നിവരാണു ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണത്തിനു സഹായം ചെയ്തത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.