Latest News

കര്‍ണാടകയില്‍ മലയാളി വീട്ടമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ

സുള്ള്യ;[www.malabarflash.com]∙ മലയാളിയായ യുവതിയെയും കുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിക്കു വധശിക്ഷ. കേസിലെ പ്രതിയും മലയാളിയുമായ കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ സിരിബാഗിലു പുല്ലോട്ടെ ജയേഷിന് (ഷാഹിർ– 30) ആണു പുത്തൂർ അഞ്ചാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

പിതൃസഹോദരന്റെ മകന്റെ ഭാര്യയെയും മകനെയും കുത്തി കൊലപ്പെടുത്തിയ കേസിലാണു വധശിക്ഷ. 2008 ഓഗസ്റ്റ് രണ്ടിനു സിരിബാഗിലു പുല്ലോട്ടെ ലോഹിത്തിന്റെ ഭാര്യ സൗമ്യ (23), മകൻ ജിഷ്ണു (മൂന്ന്) എന്നിവരെ ജയേഷ് കുത്തി കൊലപ്പെടുത്തിയ ശേഷം പത്തു ഗ്രാം സ്വർണവുമായി കടന്നു എന്നാണു കേസ്. കേസിന്റെ വിചാരണ നടത്തിയ കോടതി പ്രതി കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് ഒൻപതിനു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16നു കേസിന്റ വിചാരണ തുടങ്ങി 27 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭവനഭേദനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

ഉപ്പിനങ്ങാടി പോലീസ്‌ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതി കൊള്ളയടിച്ച സൗമ്യയുടെ മാല അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സൗമ്യയെയും ജിഷ്ണുവിനെയും കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ ജയേഷിനെ നാലു വർഷങ്ങൾക്കു ശേഷം കേരളത്തിൽനിന്നാണു പിടികൂടിയത്. സംഭവത്തിനുശേഷം ജയേഷ് കേരളത്തിലേക്കു കടന്നു വിവാഹം കഴിച്ച് പേരു മാറി ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുമ്പോഴാണു പിടിയിലായത്. തെങ്ങിൽ കയറി ഒളിച്ചിരുന്ന ജയേഷിനെ കളവു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 2012ൽ ആലപ്പുഴ ഹരിപ്പാടിനു സമീപത്തുനിന്നാണു കേരള പോലീസ്‌ കസ്റ്റഡിയിൽ എടുത്തത്.

കേസിന്റെ വിചാരണ നടക്കവേ കഴിഞ്ഞ ഏപ്രിൽ അഞ്ചിനു പുത്തൂർ കോടതിയിൽനിന്നു ജയേഷ് രക്ഷപ്പെടാനും ശ്രമം നടത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് അന്നു പോലീസ്‌ ഇയാളെ പിടികൂടിയത്. ഏഴര പതിറ്റാണ്ടുകൾക്കു മുൻപ് കേരളത്തിൽനിന്നു പുത്തൂർ താലൂക്കിലെ സിരിബാഗിലുവിലേക്കു കുടിയേറിയതാണു ജയേഷിന്റെ കുടുംബം.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.