Latest News

സ്വന്തമായി സിനിമ നിര്‍മിച്ച് അതില്‍ നായകനാകാന്‍ പണം കണ്ടെത്താന്‍ കഞ്ചാവ് കടത്ത്; ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

ഇടുക്കി:[www.malabarflash.com] സ്വന്തമായി സിനിമ നിര്‍മിച്ച് അതില്‍ നായകനാകാന്‍ അനൂപ് കണ്ടെത്തിയ മാര്‍ഗം കഞ്ചാവ് കടത്തായിരുന്നു. അങ്ങനെ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷത്തിന് ഇടവേള നല്‍കി കഞ്ചാവുമായി ഇറങ്ങി. സിനിമാക്കാരനെന്ന ലേബലില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുമെന്ന് അനൂപ് വിശ്വസിച്ചു. എന്നാല്‍ അനൂപിന്റെ മോഹങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചു.

സിനിമയില്‍ പോലീസുകാരനായി അഭിനയിച്ച അനൂപിനെ യഥാര്‍ത്ഥ പോലീസ് ഓടിച്ചിട്ട് പിടിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്നത് ഒന്നേകാല്‍ കിലോ കഞ്ചാവ്. വാഹന പരിശോധനയ്ക്കിടെയാണ് എറണാകുളം അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് ഭാഗത്ത് പാലക്കാപറമ്പില്‍ അനൂപ് (26) നെടുങ്കണ്ടം സിഐ റെജി എം കുന്നിപറമ്പിലിന്റെ പിടിയിലായത്.

കടുത്ത സിനിമാ ആരാധകനായ അനൂപ് വളരെ നാളുകളായി അഭിനയ മോഹമുള്ളയാളാണ്. കമ്പത്ത് നിന്നെത്തിയ ബസ് പരിശോധിക്കുന്നതിനിടയില്‍ ബാഗുമായി ഇറങ്ങി ഓടിയ അനൂപിനെ സിഐയും സംഘവും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പരിശോധന തുടങ്ങിയതും ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

വേട്ട, കലി തുടങ്ങിയ ചിത്രങ്ങളില്‍ ഇയാള്‍ ജൂനിയര്‍ ആാര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇതിന് പുറമേ എഷ്യാനെറ്റിലെ ഒരു സീരിയലിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

ഓടിച്ചിട്ട് പിടിച്ച ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് ഒന്നേകാല്‍ കിലോ കഞ്ചാവ് ലഭിച്ചത്. ഇതിനു മുന്‍പം രണ്ടു തവണ കമ്പത്ത് നിന്നും കഞ്ചാവ് കടത്തിയതായി അനൂപ് സമ്മതിച്ചു. കമ്പത്ത് നിന്നും കൊണ്ടുവരുന്ന കഞ്ചാവ് അങ്കമാലിയിലെത്തിച്ച ശേഷം എറണാകുളം ആലുവ ഭാഗത്ത് ചെറുകിട വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. സ്ഥിരമായി അനൂപ് ഇത്തരത്തില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. പെട്ടെന്ന് സമ്പന്നനായി അതിന് ശേഷം സിനിമ നിര്‍മ്മിക്കുക. അതില്‍ നായകനാവുക. ഇതൊക്കെയായിരുന്നു അനൂപിന്റെ മനസ്സിലെ ആഗ്രഹം.

നാലായിരം മുതല്‍ അയ്യായിരം രൂപയ്ക്ക് വരെ കമ്പത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ കൊണ്ടുവന്ന് 20,000 മുതല്‍ 25,000 രൂപയ്ക്ക് വരെയായിരുന്നു വിറ്റിരുന്നത്. പക്ഷേ വില്‍പന നടത്തുന്നതല്ലാതെ അനൂപ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു പോലീസ് പറയുന്നു.

കടുത്ത സിനിമാ മോഹമുള്ള അനൂപിന് മറ്റ് ജോലികളൊന്നുമില്ല. കഞ്ചാവ് നല്‍കിയവരെ കുറിച്ച് അനൂപിന് വിവരം ഒന്നുമില്ല. കമ്പം ബസ്സ്റ്റന്റിലോ പരിസരത്തോ വെറുതെ ചെന്നു നിന്നാല്‍ തന്നെ കഞ്ചാവ് ലഭിക്കും എന്നാല്‍ ഇത് കൈമാറുന്നവരെ കുറിച്ച് വാങ്ങുന്നവര്‍ക്ക് പോലും യാതൊരു വിവരവും ഉണ്ടാകാറില്ല.

കച്ചവടം ഉറപ്പിച്ച് കാശ് കൈമാറിക്കഴിഞ്ഞാല്‍ എവിടെയാണ് സാധനം സൂക്ഷിച്ചിട്ടുള്ളതെന്നും അവിടെ ചെന്നു കൈപറ്റാനുമായിരിക്കും നിര്‍ദ്ദേശം. അതുമാത്രമല്ല ആദ്യം നമ്മളെ സമീപിക്കുന്നവര്‍ക്ക് പോലും എവിടെനിന്നു ആര് കൊണ്ട് വരുന്നു എന്നതിന്റെ വിവരങ്ങള്‍ അറിയണമെന്നില്ല. വലിയ ഒരു ചങ്ങലയാണ് ഇത്തരക്കാരെങ്കിലും ഇതിലെ കണ്ണികള്‍ക്ക് പോലും പരസ്പരം വിവരങ്ങളറിയില്ലെന്നതാണ് ഇവരെ പിടികൂടുന്നതിനുള്ള ബുദ്ധിമുട്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.