Latest News

കാണാതായ തൃശൂര്‍ സ്വദേശി പൊള്ളാച്ചി ആശുപത്രിയില്‍ മരിച്ചു; കാമുകന്‍ പിടിയില്‍

കോയമ്പത്തൂര്‍:[www.malabarflash.com] ബുധനാഴ്ച തൃശൂരില്‍നിന്ന് കാണാതായ വീട്ടമ്മ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. തൃശൂര്‍ ചേറ്റുപുഴ ഒളരിക്കല്‍ തട്ടുപറമ്പില്‍ രാഘവന്‍സുഭദ്ര ദമ്പതികളുടെ മകള്‍ ലോലിതയാണ് (42) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ പോലീസിന്റെ പിടിയിലായി. കുറേക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ലോലിത ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് തൃശൂര്‍ സ്വരാജ് റൗണ്ടിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലേക്ക് ജോലിക്ക് പോയെങ്കിലും തിരിച്ചത്തെിയില്ല. ഇതുസംബന്ധിച്ച് മാതാവ് തൃശൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് പൊള്ളാച്ചി ഗോമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂസാരിപട്ടി പറമ്പികുളം ആളിയാര്‍ പദ്ധതിക്ക് കീഴിലുള്ള ആര്‍.എസ് കനാലില്‍ അബോധാവസ്ഥയില്‍ ലോലിതയെ കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ പൊള്ളാച്ചി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. മരണത്തിനുമുമ്പ് ആശുപത്രിയില്‍വെച്ച് പോലീസ് ലോലിതയുടെ മൊഴിയെടുത്തിരുന്നു. മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ലോലിതയുമായി ബന്ധമുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ലോലിതയില്‍നിന്ന് ഇടക്കിടെ പണവും സ്വര്‍ണവും കടം വാങ്ങിയിരുന്നതായി പറയുന്നു. അടുത്തിടെ ലോലിതയുടെ നാലു പവന്റെ സ്വര്‍ണമാലയും ഇയാള്‍ വാങ്ങി. ഇത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ലോലിത സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വൈകീട്ട് സ്വര്‍ണമാല വാങ്ങിത്തരാമെന്ന് പറഞ്ഞ് ലോലിതയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. മണിക്കൂറുകളോളം തൃശൂര്‍ നഗരത്തില്‍ കറങ്ങിയശേഷം ഇരുവരും പളനിയിലേക്ക് പോയി.

വഴിയില്‍ ലോലിതക്ക് ശീതളപാനിയത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി. ഇത് കഴിച്ചതോടെ ലോലിത അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീടാണ് കനാലിന് സമീപം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞത്. ലോലിത അണിഞ്ഞിരുന്ന വളകളും കമ്മലും നഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. ലോലിതയുടെ സ്വര്‍ണം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇയാള്‍ 12,000 രൂപക്ക് പണയം വെച്ചതായും അറിവായിട്ടുണ്ട്. പെയിന്റിങ് ജോലിക്കാരനായ ശശിയാണ് ലോലിതയുടെ ഭര്‍ത്താവ്. ശിവകും (12) കൃഷ്ണജും (10) മക്കളണ്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.