Latest News

വി.വി പ്രഭാകരന് യാത്രയയപ്പും മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി ഉദ്ഘാടനവും 14ന്

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പരിധിയില്‍ വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന് യാത്രയയപ്പും 14ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടക്കും.

മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കും. നാരായണന്‍ പേരിയ മുഖ്യപ്രഭാഷണം നടത്തും. 

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ ഷാഫി, ജോ. സെക്രട്ടറി കെ. ഗംഗാധര, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ വിനോദ് പായം പ്രസംഗിക്കും. 

കൊച്ചിയില്‍ വീക്ഷണം പത്രാധിപ സമിതി അംഗമായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച പ്രഭാകരന്‍ 1988 മുതല്‍ 1998 വരെ വീക്ഷണം ജില്ലാ ലേഖകനായിരുന്നു. തുടര്‍ന്ന് ഏഴ് വര്‍ഷം സൂര്യാ ടി.വിയുടെയും 2005 മുതല്‍ 2016 വരെ അമൃത ടി.വിയുടേയും ജില്ലാ ലേഖകനായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടുപിന്നിട്ട പ്രഭാകരന്‍ കേരള ഫോക് ലോര്‍ അക്കാദമി അംഗവും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ ജൂറിയംഗവുമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗമാണ്. 

തെയ്യം കുലപതി നര്‍ത്തകരത്‌നം കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'ദേവ നര്‍ത്തകന്‍' എന്ന ഡോക്യുമെന്ററിക്കുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യക്ഷഗാന പഠനത്തിന് കേരള സാഹിത്യ അക്കാദമിയുടെ റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 2010ല്‍ തെയ്യത്തെപ്പറ്റിയുള്ള ഫോക്‌ലോര്‍ പഠനഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. ഭാഷയ്ക്കും സംസ്‌കൃതിക്കും മികച്ച സംഭാവനയര്‍പ്പിച്ച സര്‍ഗാത്മക വ്യക്തികള്‍ക്കുള്ള 2015ലെ ജില്ലാ ഭരണ കൂടത്തിന്റെ ആദരവും ലഭിച്ചു. 

തുളുനാട് പത്രപ്രവര്‍ത്തക അവാര്‍ഡ്, സാരഥി പുരസ്‌കാര സമിതി അവാര്‍ഡ് എന്നിവയും ലഭിച്ചു. മുന്‍ എം.പി രാമണ്ണറൈയുടെ ജീവചരിത്രത്തിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.