Latest News

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു

ചരല്‍ക്കുന്ന്(പത്തനംതിട്ട):[www.malabarflash.com] മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്. ചരല്‍ക്കുന്നിലെ പാര്‍ട്ടി നേതൃക്യാമ്പിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ബന്ധങ്ങളില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയ്ക്കും നീതിബോധത്തിന്‌ വിരുദ്ധമായ സമീപനവും മൂലം യുഡിഎഫ് ദുര്‍ബലപ്പെട്ടെന്നും തങ്ങളുടെ നിലപാട് മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് ആത്മപരിശോധനയിക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരരും. തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഭരണം പങ്കിടാനാണ് ധാരണയുള്ളത്.

ബാര്‍കോഴ കേസ് മാത്രമല്ല മുന്നണി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നും പത്രസമ്മേളനത്തില്‍ മാണി വ്യക്തമാക്കി. മറ്റു നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ബാര്‍കോഴ അതില്‍ ഒന്നുമാത്രണെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില വ്യക്തികള്‍ നീക്കം നടത്തി. ഇതിനായി പ്രത്യേക ബറ്റാലിയന്‍ തന്നെ പ്രവര്‍ത്തിച്ചു -വാര്‍ത്താ സമ്മേളനത്തില്‍ മാണി വിശദീകരിച്ചു.

14-ാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ഔദ്യോഗികമായി പ്ര ഖ്യാപിക്കുമെന്നും മാണി പറഞ്ഞു. യുഡിഎഫിന് നന്മവരട്ടെ എന്ന് ആശംസിക്കുകയായാണെന്നും പരിഹാസ്യരൂപേണ മാണി പറഞ്ഞു. ഞങ്ങളെ പോകാന്‍ അനുവദിച്ചാല്‍ മതി. ക്ഷമയുടെ നെല്ലിപ്പലക കണ്ടതിന് ശേഷമാണ് തീരുമാനമെടുത്തത്‌ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന ധാരണകളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും പ്രശ്‌നാധിഷ്ഠിത നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിക്കുക എന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അറിയിച്ചു. മുന്നണിയില്‍ പരസ്പര വിശ്വാസമില്ലെന്നും മാണി ആരോപിച്ചു. മുന്നണി വിട്ടന്നെന്നു കരുതി എല്‍ഡിഎഫിലേക്കോ എന്‍ഡിഎ മുന്നണിയിലേക്കോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.