Latest News

ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞുകയറിയ ലോറിയിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

പാനൂര്‍:[www.malabarflash.com] ടൗണില്‍ നിയന്ത്രണം വിട്ട ലോറി ഓട്ടോ സ്റ്റാന്‍ഡില്‍ പാഞ്ഞുകയറി കാല്‍നടയാത്രക്കാരന്‍ മരിച്ചു. നാല് ഓട്ടോഡ്രൈവര്‍മാര്‍ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. മൂന്നു ഓട്ടോകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും സമീപത്തെ അഞ്ചു കടകളും തകര്‍ന്നു. കൂരാറ ഇന്ദിരാഭവനു സമീപം കല്ലോത്ത് പറമ്പത്ത് ഷിഫ മന്‍സിലില്‍ അറബീന്റവിട ഹംസ (72) ആണ് മരിച്ചത്. ചൊവ്വാഴ്ച ഒരു മണിയോടെയാണ് അപകടം.

കടയുടെ ഉള്ളിലേക്ക് തെറിച്ചു പോയ ഹംസയെ സാധനങ്ങള്‍ നീക്കിയാണ് വലിച്ചെടുത്തത്. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍മാരായ വള്ളങ്ങാട്ട് കുനിയില്‍ അശോകന്‍ (45), മൊകേരി ചെട്യാംവീട്ടില്‍ സുരേഷ് (42), വള്ളങ്ങാട് ഷിജിന്‍ (28), കൂരാറ കോച്ചേരി സജീവന്‍ (42), എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി നതുല്‍ബാബു (16), ഈസ്റ്റ് വള്ള്യായി പടിഞ്ഞാറയില്‍ അതുല്‍ ചന്ദ്രന്‍ (17) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടാക്‌സി സ്റ്റാന്‍ഡിനു സമീപത്തെ ശ്രീഗണേഷ് ലോട്ടറി സ്റ്റാള്‍, സാഗര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സൂര്യ ഫര്‍ണിച്ചര്‍, കല്‍പക പൂജ സ്‌റ്റോര്‍, ഹെയര്‍ കട്ടിങ് സലൂണ്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായി. കടയിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോറിക്ഷകളില്‍ ഇടിച്ച് കടകളിലേക്ക് പാഞ്ഞുകയറിയ ലോറി വൈദ്യുതതൂണും തകര്‍ത്താണ് നിന്നത്. സമീപത്തെ ഫ്രൂട്ട് കടയ്ക്കും നഷ്ടമുണ്ട്. നാട്ടുകാരും അഗ്‌നിശമനാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടം നടന്ന സ്ഥലത്തു നിന്ന് അരകിലോമീറ്റര്‍ ദൂരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഡ്രൈവര്‍ക്കു പരുക്കേറ്റിരുന്നു. സംസ്ഥാന പാതയില്‍ പാനൂരിനും പാത്തിപ്പാലത്തിനുമിടയില്‍ അപകടം പതിവാണ്. ഒരു മാസത്തിനിടെ ഇതേ റൂട്ടില്‍ രണ്ടു പേരാണ് മരിച്ചത്.

ഹംസയുടെ ഭാര്യ മറിയം. മക്കള്‍: ഹാരിസ്, ഫൈസല്‍ (ഇരുവരും തൃപ്തി ചിക്കന്‍സ്റ്റാള്‍, പാനൂര്‍), മുഹമ്മദ് റാഫി, ബഷീര്‍ (ശ്രീകൃഷ്ണ ഹോട്ടല്‍, പാനൂര്‍), റസാഖ്. മരുമക്കള്‍: ഹന്നത്ത്, മുഫീറ, ഹസീന, സഹീന, ആയിഷ. മൃതദേഹം പാനൂര്‍ ജുമാ മസ്ജിദില്‍ കബറടക്കി.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.