Latest News

ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ യാസ്മിന്‍ ഉപയോഗിച്ചിരുന്നത് തൃക്കരിപ്പൂര്‍ സ്വദേശിയുടെ ഫോണും എ.ടി.എം കാര്‍ഡും

കാഞ്ഞങ്ങാട്:[www.malabarflash.com] കാബൂളിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമദ്(29) ഉപയോഗിച്ചിരുന്നത് തൃക്കരിപ്പൂര്‍ ഉടുംബുന്തലയില്‍ നിന്ന് കാണാതായ അബ്ദുറാഷിദ് അബ്ദുല്ലയുടെ ഫോണും എ.ടി.എം കാര്‍ഡുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

റാഷിദിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് ഇയാളുടെ ഫോണും മറ്റും പോലീസ് നിരീക്ഷിച്ചു തുടങ്ങിയത്. ബിഹാറില്‍ നിന്നാണ് സിമ്മും എ.ടി.എം കാര്‍ഡും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ആരാണ് ഉപയോഗിക്കുന്നത് എന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

വിവാഹമോചിതയായ യാസ്മിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് കാബൂളിലേക്ക് പോകാന്‍ കുഞ്ഞുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. പോലീസ് നേരത്തേ നല്‍കിയ ലുക് ഔട്ടിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷനില്‍ ഇവരെ തടഞ്ഞുവെച്ച് കേരള പോലീസില്‍ വിവരം നല്‍കുകയായിരുന്നു. 

ബംഗളൂരുവില്‍ എന്‍ജിനീയറിങ്ങിന് റാഷിദിന്റെ സഹപാഠിയായിരുന്നു യാസ്മിന്‍. വിവാഹ മോചിതയായ യാസ്മിന് റാഷിദ് മുന്‍കൈയെടുത്തതാണ് പീസ് സ്‌കൂളില്‍ ജോലി ലഭിക്കുന്നത്. തിരോധാനത്തിന് മുമ്പും ശേഷവുമുള്ള നാലുമാസത്തെ ഫോണ്‍ വിളി രേഖകളാണ് പോലീസ് ഇഴകീറി പരിശോധിച്ചത്. വിദേശത്ത് നിന്ന് ഉള്‍പ്പെടെ റാഷിദിന്റെ അക്കൗണ്ടിലേക്ക് വന്ന തുക പിന്‍വലിച്ചത് ബിഹാറില്‍ നിന്നാണെന്നും പോലീസ് സൂചിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും ഇതേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. 

യാസ്മിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച പോലീസ് യാത്രാ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് എമിഗ്രേഷനില്‍ നിന്ന് വ്യാഴാഴ്ച നിര്‍ണായക വിവരം ലഭിക്കുന്നത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു, വനിത എസ്.ഐ നിര്‍മല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിമാന മാര്‍ഗം ഡല്‍ഹിയിലത്തെി ഞായറാഴ്ചയോടെ കാസര്‍കോട് എത്തിക്കുകയായിരുന്നു. 

പീസ് സ്‌കൂളിന്റെ കോട്ടക്കല്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തോളം യാസ്മിന്‍ ജോലി ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. മകനുമായി ഒരുമാസത്തെ സന്ദര്‍ശക വിസയിലേക്ക് കാബൂളിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.
അതേസമയം, സഹപ്രവര്‍ത്തക എന്നതിലുപരി റാഷിദിന് യാസ്മിനുമായി ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 2000 തൊട്ട് വിദേശത്തായിരുന്ന റാഷിദ് 2013 ലാണ് എറണാകുളം വൈറ്റില സ്വദേശി സോണി സെബാസ്റ്റിന്‍ എന്ന ആയിഷയെ വിവാഹം ചെയ്തത്. കുടുംബത്തിന്റെ സമ്മതത്തോടെയാണ് മുസ്ലിമായ ആയിഷയെ വിവാഹം ചെയ്തത്. പടന്നയില്‍ താമസിച്ച യാസ്മിന്‍ ഒരിക്കല്‍ പോലും ഉടുംബുന്തലയിലെ വീട്ടില്‍ വന്നിട്ടില്ല. 

റാഷിദിന്റെ യാത്രകളില്‍ ആയിഷ സ്ഥിരമായി ഉണ്ടാകാറുണ്ട്. യാസ്മിന്‍ വിവാഹമോചിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തൃക്കരിപ്പൂര്‍ പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 17 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജൂലൈ 11 നാണ് ചന്തേര പോലീസ് ഒമ്പത് കേസ് രജിസ്റ്റര്‍ ചെയ്തത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.