Latest News

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി മൂന്നു വയസുകാരിയും യുവാവും മരിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] ഡല്‍ഹിയില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ മൂന്നു വയസുകാരിയും യുവാവും മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് രണ്ട് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. മറ്റൊരപകടത്തില്‍ പോലീസുകാരന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ആദ്യ സംഭവം തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ഡല്‍ഹിയിലെ നരൈനയിലായിരുന്നു. മൂന്നു വയസുകാരിയായ സാഞ്ചിയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സിനിമ കാണാന്‍പോയി മടങ്ങുമ്പോഴാണ് സാഞ്ചി അപകടത്തില്‍പെട്ടത്. കാറിന്റെ മേല്‍തട്ട് ഉയര്‍ത്തി അതിലൂടെ തലപുറത്തിട്ട് കാഴ്ചകണ്ടാണ് സാഞ്ചി മടങ്ങിയത്. റാണി ബാഗിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ പട്ടത്തിന്റെ ചരട് കുട്ടിയുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ഈയംപൂശിയ ചരട് കുട്ടിയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞതിനെ തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റു. കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തച്ചെങ്കിലും രക്ഷിക്കാനായില്ല. റാണി ബാഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടാമത്തെ അപകടം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ് പുരിയിലാണ് നടന്നത്. സഫര്‍ ഖാന്‍ (22) എന്ന യുവാവാണ് മരിച്ചത്. സഫര്‍ ബൈക്കില്‍ പോകുമ്പോള്‍ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

മൂന്നാമത്തെ അപകടത്തില്‍ അനന്ദ് വിഹാര്‍ പോലിസ് സ്റ്റേഷനിലെ എസ്‌ഐ മനോജ് കുമാറിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം സ്വാതന്ത്ര്യദിന ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ക്രോസ് റിവര്‍ മാളിനു സമീപമായിരുന്നു സംഭവം. ബൈക്കില്‍ വീട്ടിലേക്കുമടങ്ങുകയായിരുന്ന മനോജ്കുമാറിന്റെ കഴുത്തില്‍ പട്ടത്തിന്റെ ചരട് കുടുങ്ങി മുറിയുകയായിരുന്നു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.