Latest News

വെല്ലുവിളിയുമായി ഉത്തരകൊറിയ; ജപ്പാന്റെ കടലിനടിയില്‍ നിന്നും മിസൈല്‍ പരീക്ഷിച്ചു

പ്യോങ്യാങ്:[www.malabarflash.com] ആണവ പരീക്ഷണത്തെ തുടര്‍ന്ന് യുഎന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. കെ.എന്‍ 11 എന്ന മിസൈലിന്റെ പരീക്ഷണമാണ് നടന്നത്. അന്തര്‍വാഹിനിയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.

ബുധനാഴ്ച രാവിലെ സിന്‍പോ തുറമുഖത്ത് നിന്ന് 300 മൈല്‍ അകലെ ജപ്പാന്‍ കടലിനടിയില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രകോപനം.

പരീക്ഷം വിജയകരമായിരുന്നു എന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. നേരത്തെ യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തിയ ജപ്പാന്‍ കടലിലായിരുന്നു മിസൈല്‍ പരീക്ഷണം. ജപ്പാന്റെ ബാലിസ്റ്റിക് മിസൈല്‍ നിരീക്ഷണ സംവിധാനത്തിന്റെ പരിധിയിലായിരുന്നു ഇത്. പരീക്ഷണ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയും ജപ്പാനും സൗത്ത് കൊറിയയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മേഖലയില്‍ മിസൈല്‍ വേധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടി ആയിരുന്നു അന്തര്‍വാഹിനിയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണം.

ബാലിസ്റ്റിക് മിസൈലിനായി ഉത്തരകൊറിയ ഇതിനുമുമ്പ് നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയതിനെതുടര്‍ന്ന് യു.എന്‍ ഉപരോധം നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്. നാലാമത്തെ പരീക്ഷണമായിരുന്നു അത്.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.