Latest News

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു

വെഞ്ഞാറമൂട്:[www.malabarflash.com] ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം രണ്ട് മക്കളെ തനിച്ചാക്കി ജീവിതം അവസാനിപ്പിക്കുകയായിരുന്നു നെടുമങ്ങാട് പഴകുറ്റി ഉളിയൂര്‍ മോഹനന്‍ ഭവനില്‍ പരേതനായ ബാലുവിന്റെയും തങ്കച്ചിയുടെയും മകള്‍ അഞ്ജു (24)ഭര്‍ത്തൃഗൃഹത്തില്‍ ജീവനൊടുക്കും മുമ്പ് സ്വന്തം ശരീരത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. ഭര്‍ത്താവായ വെഞ്ഞാറമൂട് ആലന്തറമാമൂട്ടില്‍ അജിഭവനില്‍ അജിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുമായുള്ള ഭര്‍ത്താവിന്റെ അടുപ്പത്തെ ചോദ്യം ചെയ്ത അഞ്ജുവിനെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് യുവതി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. അഞ്ജുവിന്റെ സഹോദരന്റെ പരാതിയില്‍ അജിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കുന്ന സ്ത്രീയുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട പ്രണയമാണ് അഞ്ജുവിനെ ടിപ്പര്‍ ലോറി ഡ്രൈവറായ അജിയുടെ ജീവിതസഖിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ പോകും വഴിയാണ് അഞ്ജുവിനെ നെടുമങ്ങാട് ഇലക്ട്രിക് കടയില്‍ സഹായിയായി ജോലി നോക്കിയിരുന്ന അജി കണ്ടുമുട്ടിയത്. അജി ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ പ്രായപൂര്‍ത്തിയാകും മുമ്പേ അവളെ തട്ടിക്കൊണ്ടുപോയി. വിവാഹശേഷവും ഇലക്ട്രിക് കടയില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന അജി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിപ്പര്‍ ഡ്രൈവറായി പോയി തുടങ്ങിയത്.
അര്‍ജുന്‍ (6), ആരോമല്‍ (4) എന്ന രണ്ടുമക്കളുമായി അജിയുടെ കുടുംബവീട്ടിലായിരുന്നു ഇവരുടെ താമസം. ഏറെനാളായി ഒരുമിച്ച് താമസിക്കുകയും രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്‌തെങ്കിലും അഞ്ജുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. 

അഞ്ജുവിനെ മര്‍ദ്ദിച്ച അജി പുറത്തുപോയപ്പോഴാണ് അഞ്ജു കിടപ്പുമുറിയില്‍ ചുരിദാര്‍ ഷാളില്‍ ജീവനൊടുക്കിയത്. തൂങ്ങിയ നിലയില്‍ കണ്ട അഞ്ജുവിനെ വീട്ടുകാര്‍ ഉടന്‍ അഴിച്ചിറക്കി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇടതുകാലിന്റെ കണങ്കാലില്‍ കറുത്ത മഷിയില്‍ ഒരു മൊബൈല്‍ നമ്പരും സ്ത്രീയുടെ പേരും പരാമര്‍ശിച്ച് 'അവള്‍ കളളിയാണ് , അവള്‍ കാരണമാണ് ഞാന്‍ മരിക്കുന്നത്. അവള്‍ പറഞ്ഞ പേര് കള്ളമാണ് , അവളെ പിടിക്കണം' എന്നെഴുതിയിരുന്നു. ആരൊടെന്നില്ലാതെ സ്വന്തം ശരീരത്തില്‍ അഞ്ജു കുത്തിക്കുറിച്ച ഈ വാക്കുകളാണ് അജിയുടെ പരസ്ത്രീ ബന്ധത്തിലേക്കും അഞ്ജുവിന്റെ ആത്മഹത്യയിലേക്കും വിരല്‍ ചൂണ്ടിയത്.

ആത്മഹത്യാകുറിപ്പില്‍ അഞ്ജു എഴുതിയിരുന്ന ഫോണ്‍ നമ്പരില്‍ നിന്ന് അജിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളും എസ്.എംഎസ് സന്ദേശങ്ങളുമുള്‍പ്പെടെ വിശദമായ തെളിവുകള്‍ സൈബര്‍ പോലീസ് സഹായത്തോടെ പോലീസ് ശേഖരിച്ചുകഴിഞ്ഞു. 

അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഉളിയൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വെഞ്ഞാറമൂട് സി.ഐ വിജയന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.