ചേർത്തല: [www.malabarflash.com] ബിജെപിയുടെ നിര്‍ണ്ണായക യോഗം കോഴിക്കോട്ട് ആരംഭിക്കാനിരിക്കെ ഭിന്നത പരസ്യമാക്കി കേരളത്തിലെ സഖ്യകക്ഷിയായ ബിഡിജെഎസ്. എതിരാളികൾ ബിഡിജെഎസിനെ കഴുതയെന്നു വിളിക്കാൻ ബിജെപി വഴിയൊരുക്കിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അണികൾ അതൃപ്തരാണ്. ബിഡിജെഎസിനു മറ്റുവഴികൾ നോക്കേണ്ടിവരും. അമിത് ഷാ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിട്ടും ഗുണമുണ്ടായില്ല. തന്ന ഉറപ്പുകൾ ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണു ബിഡിജെഎസ് നിലപാടു കടുപ്പിക്കുന്നത്. ബിഡിജെഎസിനു പല ഉറപ്പുകളും ബിജെപി നല്‍കിയിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു മോഹിപ്പിച്ചു. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ടെന്നും ബിജെപിയിലെ ഗ്രൂപ്പിസമാവാം ഇതിനു കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതേസമയം, ബിജെപി – ബിഡിജെഎസ് ബന്ധത്തിൽ ഭിന്നതയില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ പരാതികളുണ്ട്. ഇതേക്കുറിച്ച് അണികൾക്ക് ആശങ്കയുണ്ട്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും തുഷാർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചത്തെ എന്‍ഡിഎ യോഗത്തിനു മുന്നോടിയായി ബിഡിജെഎസ് യോഗം ഇന്നു ചേര്‍ത്തലയില്‍ ചേരും. ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം നാളെയാണ്. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും.
എന്നാല്‍ ബിഡിജെഎസുമായി ഭിന്നതയില്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടെങ്കില്‍ തീര്‍ക്കേണ്ടത് കേന്ദ്രനേതൃത്വമെന്നും സുരേന്ദ്രന്‍
പറഞ്ഞു. ബിഡിജെഎസുമായി തർക്കങ്ങളില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പാട്: മനോരമ ന്യൂസ്
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment