Latest News

ചെന്നിത്തല കണ്ണൂരില്‍ പറത്തിവിട്ട വെള്ളരിപ്രാവ് പയ്യന്നൂരില്‍ തളര്‍ന്നുവീണു: കോടിയേരി

കണ്ണൂര്‍:[www.malabarflash.com] പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ പറത്തിവിട്ട വെള്ളരിപ്രാവ് പയ്യന്നൂരില്‍ തളര്‍ന്നുവീണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞദിവസം പയ്യന്നൂരില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ച് അക്രമം നടത്തിയതിന്റെ സാഹചര്യം ഓര്‍മിപ്പിച്ചാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

കണ്ണൂരില്‍ യു ഡി എഫ് സമാധാന സംഗമം നടത്തിയപ്പോള്‍ സുധാകര ഗാന്ധി നടത്തിയ പ്രസംഗം എല്ലാവരും കേട്ടതാണ്. പയ്യന്നൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസുകാരില്‍ നിന്നാണ് സംരക്ഷണം ലഭിക്കേണ്ടത്. കോണ്‍ഗ്രസിലെ അനീതിക്കെതിരെ പ്രതികരിക്കന്ന യൂത്തുകോണ്‍ഗ്രസുകാരെ മര്‍ദിച്ചൊതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി. അധികാരത്തില്‍ വന്നാല്‍ നല്ല നാള്‍ വരുമെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ രാജ്യത്ത് മതപരമായ ധ്രുവീകരണം നടത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. രാജ്യത്ത് പലയിടത്തും മൃഗങ്ങളുടെ പേരില്‍ പോലും മനുഷ്യക്കുരുതി നടക്കുകയാണ്. അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന ബി ജെ പിയുടെ ദേശീയ സമ്മേളനം ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള യുദ്ധകാഹളമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പലേടത്തും മൃഗങ്ങളുടെ പേരില്‍പോലും മനുഷ്യക്കുരുതി നടക്കുന്നു. പിന്നോക്ക മതന്യൂനപക്ഷങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ് ബി.ജെ.പിയില്‍ നിന്നും രാജ്യ ഭരണക്കാരില്‍ നിന്നുമുണ്ടാകുന്നത്. മത-ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണിവിടെ. ജനക്ഷേമ കാര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ പ്രതീക്ഷകളാണ്.

പിണറായിയുടെ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നു മാത്രമല്ല, ഭരണ തുടര്‍ച്ചയുമുണ്ടാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അസ്വസ്ഥമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഭീകരനായും സി.പി.എമ്മിനെ ഭീകര ജീവിയായും ചിത്രീകരിക്കുന്നതിനു പിന്നില്‍ ഈ ഭയം മാത്രമാണ്. കഴിഞ്ഞ നാലുമാസത്തിനിടെ സി.പി.എമ്മിന്റെ 6 പ്രവര്‍ത്തകരാണ് കൊലക്കത്തിക്ക് ഇരയായത്. 35 പാര്‍ട്ടി ഓഫീസുകളും സി.പി.എം പ്രവര്‍ത്തകരുടെ 85 വീടുകളും തകര്‍ക്കപ്പെട്ടു. 300 ലേറെ പ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരായി ആശുപത്രികളിലാണെന്നും കോടിയേരി പറഞ്ഞു.

അഴീക്കോടന്‍ രാഘവന്റെ 44-ാം രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബ്രാഞ്ച് തലത്തില്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. പലേടത്തും അനുസ്മരണ യോഗങ്ങളും നടന്നു. 

മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പുഷ്പാര്‍ച്ചനയില്‍ അഴീക്കോടന്‍ രാഘവന്റെ ബന്ധുക്കള്‍ , നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, എം പിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, എം എല്‍ എമാരായ ജയിംസ് മാത്യു, എ എം ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കെ പി സഹദേവന്‍, എം പ്രകാശന്‍, കെ പി സുധാകരന്‍ തുടങ്ങിയവരും പങ്കെടുത്തു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.