Latest News

ഹെല്‍ത്ത് ക്ലബ്ബിന്റെ മറവില്‍ ഡോക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ കൊയ്യുന്ന യുവതിക്കെതിരെ അന്വേഷണം

കാസര്‍കോട്:[www.malabarflash.com] വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എച്ച്.സിയില്‍ നിന്ന് പുറത്താക്കിയ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി ഉയര്‍ന്നു. എം.ബി.ബി.എസ്, എം.എസ്.ഡബ്ലു., പി.എച്ച്.ഡി., സൈക്കോളജിസ്റ്റ് എന്നീ ബിരുദങ്ങളുണ്ടെന്ന് പറഞ്ഞാണത്രെ തട്ടിപ്പ് നടത്തുന്നത്.

വിദ്യാനഗറിലെ ആസ്പത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന സ്ത്രീയെ പിന്നീട് ആസ്പത്രിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തട്ടിപ്പ് ബോധ്യമായതിനാലാണത്രെ മാനേജ്‌മെന്റ് പുറത്താക്കിയത്. ഇപ്പോള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ മറവിലാണ് തട്ടിപ്പെന്ന് വിവരം ലഭിച്ചിട്ടുണ്ട്. 

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തവര്‍ക്കാണ് ഇപ്പോള്‍ ചികിത്സ. മേല്‍പ്പറമ്പ് സ്വദേശിയില്‍ നിന്ന് അഞ്ച് ദിവസത്തെ ചികിത്സക്ക് 1,25,000 രൂപയാണ് വാങ്ങിയത്. തലശ്ശേരിയിലെ ഒരു കുടുംബത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ചികിത്സക്ക് ഡോക്ടറുടെ ചാര്‍ജ് എന്ന നിലയില്‍ 60,000 രൂപയാണ് വാങ്ങുന്നത്. മരുന്നിന് 54,500 രൂപയും വാങ്ങുന്നുണ്ടത്രെ. 

കുറിച്ച് നല്‍കിയ മരുന്ന് മറ്റ് ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ അവര്‍ ഊറിച്ചിരിക്കുന്നു. വിറ്റാമിന്‍ ഗുളികകളും പ്രോട്ടീന്‍ പൗഡറുകളുമാണ് കുറിച്ച് നല്‍കുന്നത്. മരുന്നെന്ന നിലയില്‍ നല്‍കുന്നതാകട്ടെ കഞ്ഞി വെള്ളവും.
തട്ടിപ്പിനിരയായ ചിലര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിച്ചതായാണ് വിവരം. എന്നാല്‍ ആരും പരാതി എഴുതി നല്‍കിയിട്ടില്ല. ടൗണ്‍ സി.ഐ. യുവതിയെ ചോദ്യം ചെയ്തു. എന്നാല്‍ താന്‍ ഡോക്ടറാണെന്ന് പറഞ്ഞില്ലെന്നാണ് യുവതി മൊഴി നല്‍കിയത്. പരാതി ഉന്നയിച്ച ചിലരുമായി യുവതി ചര്‍ച്ചയിലൂടെ രമ്യതയിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ സമര രംഗത്തും ഡോക്ടറെന്ന വ്യാജേന യുവതി കയറിക്കൂടിയതായാണ് വിവരം. എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിശോധിച്ചതിന്റെ വിവരങ്ങളും വെബ് പേജുകളില്‍ നല്‍കിയിട്ടുണ്ട്.
ഉദുമയിലെയും മംഗല്‍പാടിയിലെയും പി.എച്ച്.സി.യില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പബ്ലിക് ഹെല്‍ത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയെ ചില തട്ടിപ്പുകളുടെ പേരിലും അവിടെ നിന്ന് പുറത്താക്കുകയായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.