Latest News

ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സിപിഎമ്മിലേക്ക്‌

കാഞ്ഞങ്ങാട്:[www.malabarflash.com] ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേരുന്നു. ഇത് സംബന്ധിച്ച് സി പി എം ഉന്നത നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടു. വിനോദുമായി അടുത്ത ബന്ധമുള്ളവര്‍ സി പി എം ജില്ലാ നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അറിയിന്നു.

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഡി സി സി നേതൃത്വം കൈക്കൊണ്ട നിഷേധാത്മകമായ നിലപാടില്‍ മനംനൊന്താണ് വിനോദും വിനോദിനെ അനുകൂലിക്കുന്ന നൂറോളം പേരും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

ബാങ്ക് തിരഞ്ഞെടുപ്പ് മുതല്‍ വിനോദ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്ന കാലയളവിലും നേതൃത്വം ഏകപക്ഷീയമായ നിലപാടാണ് കൈക്കൊണ്ടതെന്ന് വിനോദ് പറയുന്നു. പ്രശ്‌നം തീര്‍ക്കാന്‍ ഡി സി സി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശവും നേതൃത്വം ഗൗനിച്ചില്ലത്രെ. ഞായറാഴ്ച നടക്കുന്ന ഡി സി സി യോഗത്തിലും ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന പരിപാടിയിലും വിനോദ് കുമാര്‍ പങ്കെടുക്കില്ല.

കെ എസ് യു വിലൂടെ നേതൃത്വ സ്ഥാനത്തേക്കുയര്‍ന്ന വിനോദ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി വളര്‍ന്നു. പിന്നീട് കെ മുരളീധരനോടൊപ്പം ഡി ഐ സിയിലെത്തി യുവജന വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡണ്ടുമാരെയും കോണ്‍ഗ്രസ് നേതൃ നിരയില്‍ കൊണ്ടുവരണമെന്ന രാഹുല്‍ ഗാന്ധിയുടെ ശുപാര്‍ശ പ്രകാരം വിനോദ് കാസര്‍കോട് ഡി സി സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത് രണ്ട് വര്‍ഷം മുമ്പാണ്. പുല്ലൂര്‍ -പെരിയ പഞ്ചായത്ത് ഭരണ സമിതിയിലും അംഗമായിരുന്നു.

രാഷ്ട്രീയ എതിരാളികളുടെ ചെറുത്ത് നില്‍പ്പിനെ അതിജീവിച്ച് കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയ വിനോദ് സി പി എമ്മില്‍ ചേരുന്നത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമുണ്ടാക്കും. വിനോദിനെ പോലുള്ള യുവ നേതാവിനെ സി പി എമ്മില്‍ ചേര്‍ക്കുന്നതില്‍ ആ പാര്‍ട്ടി നേതൃത്വവും പച്ചക്കൊടി വീശിയിട്ടുണ്ട്. 

വിനോദും പ്രവര്‍ത്തകരും സി പി എമ്മിലേക്ക് വരുമ്പോള്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കാനാണ് സി പി എമ്മും ആലോചിക്കുന്നത്. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പങ്കെടുത്ത ചടങ്ങ് ഒരുക്കി പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനാണ് ആലോചന.


Keywords: Vinod Kumar Pallayill Veedu, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.