കണ്ണൂര്‍:[www.malabarflash.com] മുഴക്കുന്നിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ വീണ്ടും അക്രമം. മുഴക്കുന്ന് ഗുണ്ണികയിലെ പി രമേശന്റെ കാറിന് നേരെയാണ് വീണ്ടും അക്രമം ഉണ്ടായത്. കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍.
കാറിന്റെ പിറക് വശത്തെ ഗ്ലാസ്സുകളാണ് തകര്‍ന്നത്. വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അക്രമം. അക്രമം നടക്കുമ്പോള്‍ രമേശനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഇക്കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്നാം തവണയാണ് രമേശനെതിരെ അക്രമം നടക്കുന്നത്. നേരത്തെ രമേശന്റെ കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയും രമേശന്റെ കടയുടെ പൂട്ടില്‍ സിമന്റ് മിശ്രിതം ഒഴിച്ച് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയായി ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെയാണ് മൂന്നാം തവണയും കാറിന് നേരെ അക്രമം ഉണ്ടായത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കടുക്കാപാലം വാര്‍ഡില്‍ നിന്നും മുഴക്കുന്ന് പഞ്ചായത്തിലേക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി രമേശന്‍ മത്സരിച്ചിരുന്നു. ബൂത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. അക്രമം നടന്ന രമേശന്റെ വീട്ടിലെത്തി എസ് ഐ ഫിലിപ്പും സംഘവും പരിശോധന നടത്തി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment