Latest News

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കര്‍ണ്ണാടക സ്വദേശിയെ കല്ല് കൊണ്ടിടിച്ചു കൊന്നു

കാസര്‍കോട്:[www.malabarflash.com] ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കര്‍ണ്ണാടക സ്വദേശിയെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു. ഷിമോഗ എന്‍ഗുര്‍ക്കിലെ ശരണപ്പ(38)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാസനിലെ മാരുതി(40)ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിക്ക് നുള്ളിപ്പാടിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന് മുന്നിലാണ് സംഭവം.

നുള്ളിപ്പാടിയിലെ മണിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ്‌ കസ്റ്റഡിയിലെടുത്തു. ദേശാഭിമാനി ലേഖകന്‍ മുഹമ്മദ് ഹാഷിമിനെ മര്‍ദ്ദിച്ചതടക്കം നേരത്തെ രണ്ട് കേസുകളില്‍ പ്രതിയാണ് മണിയെന്ന് പോലീസ് പറഞ്ഞു.
കൂലിപ്പണിയെടുക്കുന്ന ശരണപ്പയും മാരുതിയും ഏതെങ്കിലും കട വരാന്തയിലാണ് കിടന്നുറങ്ങാറുള്ളത്. മദ്യപിച്ച് എത്തുന്ന പ്രതി ദിവസേന ഇവരില്‍ നിന്ന് പണം വാങ്ങാറുണ്ടത്രെ. പണം നല്‍കിയില്ലെങ്കില്‍ അടിച്ചോടിക്കും. കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം ഗുണ്ടാപ്പിരിവായി നല്‍കാന്‍ ആവില്ലെന്ന് ഇവര്‍ ശനിയാഴ്ച  തീരുമാനിച്ചു. അതിനാല്‍ പ്രതി എത്തിയപ്പോള്‍ പണം നല്‍കാന്‍ കൂട്ടാക്കിയില്ല. 

അതോടെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മാരുതിക്ക് അടിയേറ്റ് പരിക്കുണ്ട്. ചെറുത്ത് നിന്ന ശരണപ്പയെ കല്ല് കൊണ്ട് അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ബോധമറ്റ് വീണ ശരണപ്പയെ കൂടെയുണ്ടായിരുന്നവര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

പുറമെ പരിക്കുകളൊന്നും കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. ടൗണ്‍ സി.ഐ. കെ. അബ്ദുല്‍ റഹീമാണ് കേസ് അന്വേഷിക്കുന്നത്.

ഷിമോഗ കൊപ്പള എന്‍ഗുര്‍ക്കിലെ നക്കപ്പ-ഗംഗമ്മ ദമ്പതികളുടെ മകനാണ് ശരണപ്പ. ഭാര്യ: കളക്കമ്മ. മക്കള്‍: മാരുതി, സുമലത. സഹോദരങ്ങള്‍: മരിയമ്മ, കരിയപ്പ, ശിവപ്പ, ദാമപ്പ, ഭീമണ്ണ, ധൂമപ്പ.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.