Latest News

ആദ്യ രാത്രിയില്‍ വധുവിനെ കടത്തിക്കൊണ്ടുപോയ യുവാവിനും കുടുംബത്തിനും പോലീസ് പീഡനമെന്ന് പരാതി

കാഞ്ഞങ്ങാട്:[www.malabarflash.com] വിവാഹ ദിവസം രാത്രി നവവധു മുറച്ചെറുക്കനായ കാമുകനോടൊപ്പം മുങ്ങിയ സംഭവത്തില്‍ യുവതിയെ കടത്തികൊണ്ടുപോയ യുവാവിനെയും കുടുംബത്തെയും പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് മനുഷ്യാവകാശ് കമ്മീഷനില്‍ പരാതി.

മടിക്കൈ അമ്പലത്തറ പൂടംക്കല്ലടുക്കം ചിറക്കര ഹൗസില്‍ സുഭാഷ് ഭാര്യ ശ്രീവിദ്യ, സുഭാഷിന്റെ മാതാവ് ശോഭ മാതൃസഹോദരന്‍ പ്രകാശന്‍, സുഭാഷിന്റെ സഹോദരന്‍ അഭിലാഷ്, മാതൃസഹോദര പുത്രന്‍ പ്രകാശന്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് സമീപിച്ചത്.

മടിക്കൈ അമ്പലത്തുകര ഏച്ചിക്കാനത്തെ വൈഷ്ണവം വീട്ടില്‍ രവീന്ദ്രന്റെ മകളായ ശ്രീവിദ്യയും കൊളത്തൂര്‍ ചേവിരി നിലയത്തിലെ ഗള്‍ഫുകാരന്‍ സജികുമാറും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ നാലാം തീയ്യതി കൊളത്തൂരിലെ ക്ഷേത്രം ഓഡിറ്റോരിയത്തില്‍ വെച്ച് നടന്നിരുന്നു. ആദ്യ രാത്രിയില്‍ തന്നെ ശ്രീവിദ്യ മുറച്ചെറുക്കനായ സുഭാഷിനോടൊപ്പം കടന്നു കളയുകും ചെയ്തു.

എന്നാല്‍ അഞ്ചു വര്‍ഷത്തോളമായി തങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം പൂര്‍ണ്ണമായും മറച്ചുവെച്ച് ആത്മത്യഭീഷണി മുഴക്കിയാണ് മാതാപിതാക്കള്‍ തനിക്ക് ഇഷ്ടമില്ലാത്തൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും ശ്രീവിദ്യയും ഭര്‍ത്താവ് സുഭാഷും മറ്റു ബന്ധുക്കളും പരാതിപ്പെടുന്നു.

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന് പ്രതിശ്രുത വരനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും വിവാഹത്തില്‍ ഉറച്ച് നിന്നതോടെ കല്ല്യാണതലേന്ന് രാത്രി അമിതമായ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ഇഷ്ടമല്ലാത്ത വിവാഹം മാതാപിക്കാള്‍ നിര്‍ബന്ധിച്ച് നടത്തിയപ്പോള്‍ അന്ന് രാത്രി തന്നെ സ്വന്തം ഇഷ്ടപ്രകാരം താന്‍ സുഭാഷിനോടൊപ്പം പോകുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് സുഭാഷിനേയും ശ്രീവിദ്യയെയും സുഭാഷിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും ബേഡകം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബേഡകം സബ് ഇന്‍സ്‌പെക്ടറും അഡീഷമല്‍ എസ്‌ഐ കണ്ടാലറിയാവുന്ന അഞ്ച് പോലീസുകാരും ചേര്‍ന്ന് സുഭാഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മാതാവ് ശോഭയില്‍ നിന്ന് വെള്ളകടലാസില്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ശ്രീവിദ്യയെ വിവാഹം കഴിച്ച സജികുമാറിന് ഏഴ് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പത്ത് സെന്റ് സ്ഥലം എഴുതി നല്‍കണമെന്നും അല്ലെങ്കില്‍ എല്ലാവരെയും കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്നും ബേഡകം പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പോലീസ് ആവശ്യപ്പെട്ട പ്രകാരം ബേഡകം സ്റ്റേഷനില്‍ എത്തിയ സുഭാഷിനോടും ശ്രീവിദ്യയോടും പോലീസ് ഉദ്യോഗസ്ഥര്‍ വളരെ ക്രൂരമായാണ് പെരുമാറിയതെന്നും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം ചൊരിഞ്ഞുവെന്നും പോലീസുകാരുടെ ക്രൂരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സുഭാഷിന്റെ നട്ടെല്ലിനും ശരീരമാസകലവും ഗുരുതരമായ ചതവുകള്‍ സംഭവിച്ചുവെന്നും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹ ദിവസം സജികുമാറണിയിച്ച താലിമാല ശ്രീവിദ്യ കിടപ്പ് മുറിയില്‍ അഴിച്ചുവെച്ചിരുന്നുവെങ്കിലും സജികുമാറും കുടുംബവുംനല്‍കിയ സ്വര്‍ണാഭരണങ്ങള്‍ സുഭാഷ് കൈക്കലാക്കിയെന്നും പോലീസ് ആരോപിച്ചിരുന്നു.

ശ്രീവിദ്യയുടെ മാതാവ് പി ശാന്ത, ശ്രീവിദ്യയുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത സജി കുമാര്‍ എന്നിവരേയും പരാതിയില്‍ എതിര്‍ കക്ഷികളായി ചേര്‍ത്തിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് സുഭാഷ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ കല്ല്യാണത്തലേന്ന് അമിതമായ ഗുളികകള്‍ കഴിച്ച് മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.