Latest News

ഭീകരരെ വിട്ട് തങ്ങള്‍ തിരിച്ചു വരുന്നില്ലെന്ന് ബൊക്കോ ഹറാം തട്ടിക്കൊണ്ട് പോയ 100 പെണ്‍കുട്ടികള്‍


ലാഗോസ്: [www.malabarflash.com] രണ്ട് വര്‍ഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ തടവിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ തടവുകാരില്‍ നൂറോളം പേര്‍ തിരിച്ച് വരാന്‍ സന്നദ്ധത കാണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇവര്‍ ഭീകരരോടൊപ്പം ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചതായാണ് സൂചന. കഴിഞ്ഞയാഴ്ച്ച 21 പേരെ തീവ്രവാദി സംഘടന മോചിപ്പിച്ചിരുന്നു. നൈജീരിയന്‍ ഗവണ്‍മെന്റും ബൊക്കോ ഹറാമും തമ്മില്‍ സ്വിറ്റ്‌സര്‍ലാന്റിന്റേയും റെഡ് ക്രോസിന്റേയും മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. പകരം തടവില്‍ കഴിഞ്ഞിരുന്ന നാല് ബോക്കോ ഹറാം ഭീകരരെ അന്ന് മോചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയത്.

എന്നാല്‍ തടവിലുള്ള ഇരുന്നൂറോളം പെണ്‍കുട്ടികളില്‍ നൂറോളം പോരാണ് തങ്ങള്‍ മടങ്ങി വരുന്നില്ലെന്ന് വ്യക്തമാക്കിയത്. ഭീകരരോടൊപ്പമുള്ള സഹവാസം ഇഷ്ടപ്പെട്ടത് കൊണ്ടോ, തിരിച്ച് വന്നാല്‍ സമൂഹം തങ്ങളെ അംഗീകരിക്കുമോ എന്ന ഭയത്താലോ ആണ് ഇവര്‍ തിരിച്ച് വരുന്നില്ലെന്ന് അറിയിച്ചതായാണ് വിലയിരുത്തല്‍.

കുട്ടികളെ മോചിപ്പിക്കുന്നതിന് യുഎസ് പ്രഥമ വനിത മിഷേല ഒബാമ അടക്കം നിരവധി പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ബ്രിംഗ്ബാക്ക് ഔവര്‍ ഗേള്‍സ് എന്ന ഹാഷ്ടാഗിലായിരുന്നു ക്യാംപയിനിംഗ് ലോകത്താകമാനം നടന്നത്. പക്ഷെ പ്രചാരണത്തിനു വിപരീത ഫലമെന്നോണമാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

2014 ഏപ്രില്‍ 14നാണ് ബൊര്‍ണോയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായും ബൊക്കോ ഹറാം പോരാളികള്‍ക്ക് വിവാഹം കഴിച്ചുനല്‍കുകയോ അടിമകളായി വില്‍ക്കുകയോ ചെയ്യുമെന്ന് സംഘടനയുടെ നേതാവ് അബുബക്കര്‍ ഷെകൗ മുന്നറിയിപ്പ് നല്‍കിയിരുന്നൂ. ഏതാനും മാസങ്ങള്‍ക്കു ശേഷം സംഘത്തില്‍ നിന്ന് 57 കുട്ടികള്‍ രക്ഷപ്പെട്ടതായും അവശേഷിക്കുന്ന 219 പേര്‍ തടവറയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.