കോഴിക്കോട്: [www.malabarflash.com] തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് എസ്.ഐയെ നാലംഗ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
ബുധനാഴ്ച രാത്രി 9.30 ഓടെ തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരില്‍ വാഹനപരിശോധനക്കിടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാര്‍ പോലീസ് പരിശോധനക്കായി തടഞ്ഞു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് നിര്‍ത്തിപ്പിക്കുകയായിരുന്നു. കാര്‍ പരിശോധിക്കുന്നതിനിടെ മുന്‍സീറ്റിലിരുന്നയാള്‍ എസ്.ഐ അഭിലാഷിനെ കാറിനുള്ളിലേക്ക് വലിച്ചിഴച്ച് കയറ്റി ഓടിച്ചുപോവുകയായിരുന്നു.
മറ്റു പോലീസുകാര്‍ ജീപ്പില്‍ പിന്‍തുടര്‍ന്നാണ് എസ്.ഐയെ രക്ഷപ്പെടുത്തിയത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കോഹിനൂരില്‍ തന്നെ ഇറങ്ങി രക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ സര്‍വകലാശാലയുടെ സമീപമുള്ള റോഡിലൂടെ കാര്‍ ഓടിച്ച് മുന്നോട്ടു പോയി. സര്‍വകലാശാലക്കുള്ളില്‍ റോഡ് തീര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് മറ്റു രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ എസ്.ഐയ്ക്ക് പരിക്കില്ല. കാറിനുള്ളില്‍ ഒളിപ്പിച്ച ബാഗില്‍നിന്ന് വാള്‍, ഇരുമ്പുവടി, മുഖംമൂടി, ഗളൗസ് തുടങ്ങിയവ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച കാറും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment