നീലേശ്വരം: [www.malabarflash.com]നീലേശ്വരത്തെ ഒരു സിനിമാനടിയുടെ അച്ഛനെ കബളിപ്പിച്ച് തട്ടിക്കൊണ്ട് പോയ ഫോര്‍ച്യൂണര്‍ കാര്‍ കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഗാനാപൂരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കണ്ണൂരിലെ മുഹമ്മദ് ഫൈസല്‍ പാലോട്ടിന്റെ പി.വൈ. 03/9079 നീല ഫോര്‍ച്യൂണര്‍ കാറാണ് പോലീസ് പിടിച്ചത്. 2014 ജുലായ് 9നാണ് കാര്‍ കടത്തിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ മുഖ്യപ്രതി നീലേശ്വരം മന്നംപുറത്തിലെ റിയാസാ(27)ണെന്ന് പോലീസ് പറഞ്ഞു.
സംഭവം പോലീസ് വിവരിക്കുന്നതിങ്ങനെ: സിനിമാ നടിയുടെ അച്ഛനും കാര്‍ ഉടമ മുഹമ്മദ് ഫൈസലും സുഹൃത്തുക്കളാണ്. സിനിമാ നടിയുടെ അച്ഛന് ഓടിക്കാന്‍ ഫോര്‍ച്യൂണര്‍ കാര്‍ കൊടുത്തിരുന്നു. ഇതിനിടയില്‍ റിയാസ് സൗഹൃദം നടിച്ച് സിനിമാനടിയുടെ അച്ഛനെ സമീപിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുണ്ടെന്നും കാര്‍ അഞ്ച് ദിവസത്തേക്ക് വിട്ടുതരുമോ എന്നും ചോദിച്ചു. ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയായിരുന്നു റിയാസ് സമീപിച്ചിരുന്നത്. ഏതാനും നാളത്തെ പരിചയം വെച്ച് റിയാസിന് കാര്‍ നല്‍കി. ഒരാഴ്ച കഴിഞ്ഞിട്ടും കാര്‍ തിരിച്ച് കിട്ടാതായപ്പോള്‍ റിയാസിനെ വിളിച്ചു.
എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല. അതിനാല്‍ പോലീസില്‍ പരാതി നല്‍കി. നാലുമാസത്തെ അന്വേഷണത്തിന് ശേഷം റിയാസിനെ പോലീസ് പിടിച്ചു. രണ്ട് സുഹൃത്തുക്കളോടൊപ്പം താന്‍ ബാംഗ്ലൂരിലേക്ക് പോയിരുന്നെന്നും അവിടെ വെച്ച് കാര്‍ കാണാതായെന്നുമാണ് റിയാസ് പറഞ്ഞത്. അതിനാല്‍ അന്ന് കൂടെപ്പോയ റിയാസിന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. അതോടെ റിയാസ് പറയുന്നത് കളവാണെന്ന് ബോധ്യമായി. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കാര്‍ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബാംഗ്ലൂരിലെ മുഹമ്മദ് ഖാന്‍ എന്നയാള്‍ക്ക് കാര്‍ ഓടിക്കാന്‍ നല്‍കിയെന്നാണ് റിയാസ് പിന്നീട് പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരാളെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കാസര്‍കോട് എസ്.പി.യായി തോംസണ്‍ ജോസ് വീണ്ടും ചുമതല ഏറ്റതോടെ എല്ലാ സ്‌റ്റേഷനുകളിലെയും തെളിയിക്കപ്പെടാത്ത കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസ് ശ്രദ്ധയില്‍പെട്ടതോടെ നീലേശ്വരം സി.ഐ. ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി. എസ്.ഐ. പി. നാരായണന്‍, എ.എസ്.ഐ. കെ.വി കൃഷ്ണന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സി.വി ഷാജു, എം.ടി.പി നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് ബംഗ്ലൂരിലേക്ക് പോയി. അവിടെ ടോള്‍ബൂത്തില്‍ നടത്തിയ പരിശോധനയില്‍ ഇതേ നമ്പറിലുള്ള കാര്‍ ഓടുന്നുണ്ടെന്ന് വ്യക്തമായി.
കര്‍ണ്ണാടക പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ബാംഗ്ലൂരില്‍ നിന്ന് 600 കി.മി അകലെ ഗാനാപൂരില്‍ കാര്‍ കണ്ടെത്തി. രണ്ട് ലക്ഷം രൂപക്ക് കാര്‍ റിയാസ് വിറ്റതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അധോലോക സംഘമാണ് കാര്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറുമായി പോലീസ് സംഘം ശനിയാഴ്ച രാവിലെ നീലേശ്വരത്തെത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment