Latest News

കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയില്‍ ടി.മുരളിയുടെ നവോത്ഥാന ചിത്രകലാ പ്രദര്‍ശനം

കാഞ്ഞങ്ങാട്:[www.malabarflash.com] പ്രശസ്ത ചിത്രകാരന്‍ ടി.മുരളിയുടെ നവോത്ഥാന ചിത്രകലാ പ്രദര്‍ശനം 2016 ഒക്‌ടോബര്‍ 11 മുതല്‍ 16 വരെകേരള ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയില്‍ നടക്കും

ഒക്‌ടോബര്‍ 11 നു ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഡോ. അംബികാസുതന്‍ മാങ്ങാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മൂന്നു വര്‍ഷത്തിനിടയില്‍ നടത്തുന്ന പതിനാറാമത്തെ നവോത്ഥാന ചിത്രകലാ പ്രദര്‍ശനമാണിത്.
സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹിംസയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സാമൂഹ്യശാസ്ത്ര-ചരിത്രപഠനങ്ങളാണ് ചിത്രകാരന്‍ ടി. മുരളിയുടെ പെയിന്റിങ്ങുകളുടെ മുഖ്യ ഉള്ളടക്കം. 

ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള “ഇന്ത്യന്‍ ബ്ലൈന്‍ഡ്‌നസ്’, ‘മൂകാംബിക’, ‘ചാന്നാര്‍ സ്ത്രീ’, ‘നങ്ങേലിയുടെത്യാഗം’, “ലക്ഷ്മണരേഖ’, ‘മണാളര്‍’, “സ്മാര്‍ത്തവിചാരം’ തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലെ സ്ത്രീകളുടെ വിമോചന ചെറുത്തുനില്‍പ്പുകളേയും സമരങ്ങളേയും, ത്യാഗങ്ങളേയും, പീഢനങ്ങളേയും, ചൂഷണങ്ങളേയും, കേരളം അഭിമുഖീകരിക്കുന്ന സാംസ്‌കാരിക പ്രതിസന്ധികളേയും, അവര്‍ണ-സ്ത്രീപക്ഷ രാഷ്ട്രീയ നവോത്ഥാന സ്വാതന്ത്ര്യബോധത്തെയും അര്‍ഥപൂര്‍ണമായി ദൃശ്യവല്‍ക്കരിക്കുന്നു.
സമീപകാലത്ത് അണഞ്ഞുപോയ ജനാധിപത്യ മാനവിക നവോത്ഥാനത്തിന്റെയും ശാസ്ത്രചിന്തയുടെയും കനലുകള്‍ വീണ്ടെടുക്കാനായി, പൊതുജന സമക്ഷം ജാതി-മത വിഭാഗീയതക്കും അസമത്വങ്ങള്‍ക്കും ബദലായുള്ള മാനവികമായ പുതിയ കാഴ്ച്ചപ്പാടുകള്‍ ജനിപ്പിക്കുന്ന സത്യസന്ധമായ ചരിത്ര ധാരണകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പരമപ്രധാനമായി കാണുന്നു. 

നമ്മുടെ തനതു ചരിത്രത്തെ പ്രതീകാത്മക മിത്തുകളായും വംശീയതയുടെ അജണ്ടകളാല്‍ നിര്‍മ്മിക്കപ്പെട്ട ബാലിശമായ പുരാണങ്ങളെ ചരിത്രമായും കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്ന ചരിത്ര-സാംസ്‌ക്കാരിക ബോധത്തെ മാനവികമായി ഉടച്ചുവാര്‍ക്കുന്ന സാധ്യതകള്‍ അന്വേഷിക്കുകയാണ് ടി. മുരളിയുടെ ചിത്രങ്ങള്‍.
നവോത്ഥാനചിത്രകലാ പ്രദര്‍ശനം സമര്‍പ്പിച്ചിരിക്കുന്നത് നരേന്ദ്ര ദബോല്‍ക്കര്‍ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ക്ഷി, കെ. വി. ഷൈന്‍ എന്നിവര്‍ക്കാണ്. ബഹുജനങ്ങള്‍ക്കിടയില്‍ യുക്തിചിന്തയും വിമര്‍ശാവബോധവും പ്രചരിപ്പിച്ചതിനാണ് മഹാരാഷ്ട്രയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ദബോല്‍ക്കറെ 2013 ആഗസ്റ്റ് 20 നു കൊലപ്പെടുത്തിയത്. ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ക്ഷി വധങ്ങളും നരാധമമായ നമ്മുടെ ജീര്‍ണ്ണ സാംസ്‌കാരിക തുടര്‍ച്ചതന്നെ. മലയാള കുലീനതയേയും സവര്‍ണ വ്യവഹാരങ്ങളേയും വിമര്‍ശിക്കുന്ന ബ്ലോഗെഴുത്തു നടത്തിയതിന് കേരളത്തിലെ പ്രമുഖ സവര്‍ണ സേവന സംഘടന സൈബര്‍ കേസുകളില്‍ കുടുക്കി ചേര്‍ത്തലയിലെ അഡ്വക്കേറ്റ് കെ. വി. ഷൈനിനെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മരണത്തിലേക്കു നയിച്ചു. 

കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളായി എം.എഫ്.ഹുസൈന്റേയും ശിവജി പണിക്കരുടേയും അനുഭവങ്ങള്‍ കാണിക്കുന്നതും കലാസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള ഇന്ത്യന്‍ സമഗ്രാധിപത്യത്തിന്റെ നഗ്നമായ കാടുകയറ്റങ്ങളാണ്. ഫാഷിസത്തിന്റേയും ഭൗതികവും പ്രതീകാത്മകവുമായ ഹിംസയുടെയും വിമര്‍ശനവും അവയോടുള്ള ചെറുത്തു നില്‍പ്പുമാണ് ഈ ചിത്രപ്രദര്‍ശനം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.