Latest News

മരണം വിതച്ച് മാത്യു ചുഴറ്റിയടിക്കുന്നു; മരണ സംഖ്യ 800 കവിഞ്ഞു

ഗ്വണ്ടനാമോ:[www.malabarflash.com] നാശം വിതച്ചു ചുഴറ്റിയടിക്കുന്ന മാത്യു കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 800 കവിഞ്ഞു. ഹെയ്തിയിലാണ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതയ്ക്കുന്നത്. ആയിരങ്ങൾക്ക് പരിക്കേൽക്കുകയും വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്തു.

ഹെയ്തിയുടെ തെക്കൻ പ്രദേശങ്ങൾ പലതും പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ക്യൂബ, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ബഹാമാസ് എന്നിവിടങ്ങളിൽ കനത്തനാശം വിതച്ച കൊടുങ്കാറ്റ് ഫ്ളോറിഡയിലേക്കു നീങ്ങുന്നതായാണ് റിപ്പോർട്ട്.

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നത്. അമേരിക്കയിലെ ഫ്ളോറിഡ, ജോർജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളിൽനിന്ന് 20 ലക്ഷംപേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ഇവരോട് ഉയർന്ന സ്‌ഥലങ്ങളിലേക്കു നീങ്ങാൻ നിർദേശം നൽകിക്കഴിഞ്ഞു. സ്ഥിതിഗതികൾ നേരിടാൻ ആയിരം നാഷണൽ ഗാർഡുകളെയും 2500 ഭടന്മാരെയും അധികമായി വിന്യസിച്ചിട്ടുണ്ട്. മയാമി അന്തർദേശീയ വിമാനത്താവളത്തിലും ഫോർട്ട് ലോഡർഡെയിൽ വിമാനത്താവളത്തിലും മുൻകരുതൽ നടപടികളെടുത്തു. ഇതിനകം 4500 വിമാന സർവീസുകൾ റദ്ദാക്കി.

ഹെയ്തിയിൽ കൃഷിയിടങ്ങളും പട്ടണങ്ങളും റിസോർട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്തനാശം നേരിട്ടു.


Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.