Latest News

ചീട്ടുകളി കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വീണു പരിക്കേറ്റ് ആശുപത്രിയില്‍


കാസര്‍കോട്: [www.malabarflash.com] ഒഴിഞ്ഞ പറമ്പില്‍ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൊലക്കേസ് പ്രതിക്കു വീണു പരിക്കേറ്റു. രക്ഷപ്പെട്ട ഏഴുപേരെ തെരയുന്നു. ചൗക്കി, കുന്നില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും ആബിദ് വധക്കേസിലെ പ്രതിയുമായ അബ്ദുല്‍ ജലീല്‍ എന്ന ജല്ലു(31), ചൗക്കി, ശാസ്താനഗറിലെ മജല്‍ ഹൗസില്‍ എം.എ.ഹംസ (39) എന്നിവരാണ് അറസ്റ്റിലായത്.

രക്ഷപ്പെട്ട ഇംതിയാസ് അയാസ്, ബഷീര്‍, ഇബ്രാഹിം, മൊയ്ഞ്ഞി, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ റോഡിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ പണം വച്ചു ചീട്ടുകളി നടക്കുന്നുണ്ടെന്നു സി.ഐ അബ്ദുര്‍ റഹ്മാനു രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് സി.ഐയും പോലീസുകാരായ ഗിരീഷ്, ഷിജിത്ത് ഡ്രൈവര്‍ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി ചീട്ടുകളികേന്ദ്രം വളഞ്ഞു.
ഇതോടെ സംഘം ചിതറിയോടിയെങ്കിലും അബ്ദുല്‍ ജലീലും ഹംസയും പിടിയിലായി.

ഇവരെ സ്ഥലത്തുനിര്‍ത്തി കളിക്കളത്തില്‍ ഉണ്ടായിരുന്ന 1290 രൂപ വാരിയെടുക്കുന്നതിനിടയില്‍ അബ്ദുല്‍ ജലീല്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പിന്‍തുടര്‍ന്നപ്പോള്‍ മണ്‍തിട്ടയില്‍ നിന്നു താഴേയ്ക്കു ചാടുന്നതിനിടയില്‍ കൈകുത്തിവീഴുകയും എല്ലു ഒടിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നേരത്തെയുള്ള ഒരു കേസില്‍ വാറന്റുള്ളതു കൊണ്ടാണ് ജലീല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.