നെടുമ്പാശേരി:[www.malabarflash.com] വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 31 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സീറ്റിനടിയിൽ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ പഴ്സിൽ ഒൻപതു കഷണങ്ങളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു 1035.35 ഗ്രാം സ്വർണം.
ഷാർജയിൽ നിന്നും രാവിലെ ഒൻപതിനു കൊച്ചിയിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 412–ാം നമ്പർ ഫ്ളൈറ്റിൽനിന്നു യാത്രക്കാർ ഇറങ്ങിയ ശേഷം എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ഈ വിമാനം കൊച്ചിയിൽനിന്നും കോഴിക്കോട്ടേക്കാണു പോകുന്നത്. കൊച്ചിയി നിന്നും കോഴിക്കോട്ടേക്ക് നിരവധി ആഭ്യന്തര യാത്രക്കാർ ഇതിൽ കയറും. കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആഭ്യന്തര യാത്രക്കാർ എന്ന പരിഗണനയിൽ കസ്റ്റംസ് എമിഗ്രേഷൻ പരിശോധന കൂടാതെതന്നെ പുറത്തുകടക്കാനും കഴിയും.
ഷാർജയിൽനിന്നു കൊച്ചിയിലേക്കു വന്ന യാത്രക്കാരൻ കൊണ്ടുവരുന്ന സ്വർണം സീറ്റിനടിയിൽ വച്ചിട്ടു പോയാൽ കൊച്ചിയിൽനിന്നു കയറുന്ന ആഭ്യന്തര യാത്രക്കാരന് ഇതു കോഴിക്കോടുവച്ച് യാതൊരു പരിശോധനയും കൂടാതെ ഇറക്കിക്കൊണ്ടുപോകാൻ സാധിക്കും. ഫ്ളൈറ്റുകളിൽ ഈവിധത്തിലുള്ള സുരക്ഷിതമായ കള്ളക്കടത്ത് പതിവായിരിക്കയാണ്.
വിദേശത്തുനിന്നു കൊച്ചിവഴി ചെന്നൈയിലേക്കു പോയ വിമാനത്തിൽ ഒളിപ്പിച്ചിരുന്ന 11 കിലോഗ്രാം സ്വർണം ഏതാനും മാസം മുൻപ് ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ബിജു തോമസ്, സൂപ്രണ്ടുമാരായ ജി. അജിത് കൃഷ്ണൻ, എം. ഷൈരാജ്, വി.ആർ. സുനിൽകുമാർ, ജി.എൻ. ലക്ഷ്മി നാരായണൻ, കെ. പ്രതീപ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment