Latest News

പുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതല്‍; ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളില്‍ കുട്ടികളെ മതം പഠിപ്പിക്കുന്നതിന് നിരോധനം


ബീജിംഗ്: [www.malabarflash.com] ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗില്‍ നവംബര്‍ 1 മുതല്‍ പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രവിശ്യകളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇനി മുതല്‍ നിരോധനമുണ്ടാകും. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനുമായും കസാക്കിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിന്‍ജിയാംഗ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശമാണ് ഇത്.

പുതിയ നിയമപ്രകാരം രക്ഷിതാക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ നിര്‍ബന്ധിക്കാനോ പാടില്ല. കുട്ടികളിലേക്ക് തീവ്രമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക, മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിര്‍ബന്ധിക്കുക, മറ്റ് മതചിഹ്നങ്ങള്‍ അണിയുന്നതിന് നിര്‍ബന്ധിക്കുക എന്നിവയ്ക്കും നിരോധനമുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രമായ 'സിന്‍ജിംഗ് ഡെയ്‌ലി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുസ്‌ലിം പുരുഷന്‍മാര്‍ താടി വയ്ക്കുന്നതിനും ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നതിനും ഹിജാബിനും നേരത്തെ ഇവിടെ നിരോധനമുണ്ട്.

ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ സംഘത്തിനും ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അവകാശമുണ്ട് എന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. 'ഹാനികരമായ തീവ്രവാദപരമോ ഭീകരവാദപരമോ ആയ വഴികളില്‍' നിന്ന് തങ്ങളുടെ കുട്ടികളെ മാറ്റിനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിലവില്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയില്ല. ഈ കുട്ടികളെ പിന്നീട് 'ശുദ്ധീകരണത്തിനായി' സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാനായി അപേക്ഷ നല്‍കാം.

തങ്ങളുടെ അയല്‍ക്കാരോ സുഹൃത്തുക്കളോ ബന്ധുക്കളോ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചൈനീസ് സര്‍ക്കാര്‍ സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതപരമായ പ്രവൃത്തികള്‍ക്ക് സ്‌കൂളുകളിലും വിലക്കുണ്ട്. വിദ്യാര്‍ത്ഥികളെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് ഇത്. 'ശാസ്ത്രത്തെ അംഗീകരിക്കാനും, സത്യത്തെ തേടിപ്പോകാനും, അന്ധവിശ്വാസത്തെ എതിര്‍ക്കാനും അജ്ഞത ഒഴിവാക്കാനും' ഉള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത് എന്ന് നിയമം പറയുന്നു.


Keywords: China, World, World News, International, International News, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.