Latest News

പീഡനക്കേസുകള്‍ കോടതിയിലെത്തുമ്പോള്‍ നീതിപീഠങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു

ഉദുമ:[www.malabarflash.com] പീഡനക്കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ചില നീതിപീഠങ്ങള്‍ കണ്ണടക്കുന്നതായി സംശയിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ഏരിയാകമ്മിറ്റി ബേക്കലില്‍ സംഘടിപ്പിച്ച 'നീതിപീഠങ്ങള്‍ കണ്ണടക്കുന്നുവോ' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.
പീഡനക്കേസുകള്‍ കോടതിയിലെത്തുമ്പോള്‍ നീതിപീഠങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ഇത് അപകടമാണ്. ട്രെയിന്‍ യാത്രക്കാരിയായ സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷപ്പെടുത്താന്‍ സുപ്രീംകോടതിയില്‍ നടന്ന ശ്രമം ഇതിനുദാഹരണമാണ്. 

ഭിക്ഷാടകനായ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ പ്രമുഖരായ അഭിഭാഷകരാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെത്തിയത്. ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കേസ് വാദിക്കാന്‍ ഫീസ് ലഭിച്ചത്. ഇത് എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമങ്ങളുണ്ട്. എന്നിട്ടും ജോലിസ്ഥലങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ധിക്കുന്നു. സ്വന്തം വീടുകളില്‍പോലും കുട്ടികള്‍ക്ക് സംരക്ഷണമില്ല. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ പെരുകുന്നു. പല കേസിലും പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ്. സ്ത്രീകളുടെ പ്രശ്‌നം പൊതുസമൂഹത്തിലെ പ്രശ്‌നമായി കാണാന്‍ കഴിഞ്ഞാല്‍ പീഡനങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് സതീദേവി പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ കെ നാരായണന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി ഇ പത്മാവതി, പ്രസിഡന്റ് എം സുമതി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം ലക്ഷ്മി, സിപിഐ എം ഏരിയാസെക്രട്ടറി ടി നാരായണന്‍, അഡ്വ. അലീസ് കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി വി ഗീത സ്വാഗതവും പി കെ മാധവി നന്ദിയും പറഞ്ഞു. 

സമാപന സമ്മേളനത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ സമ്മാനം നല്‍കി. പി ലക്ഷ്മി അധ്യക്ഷയായി. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള, പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര എന്നിവര്‍ സംസാരിച്ചു. 

ഏരിയാതല വനിതാ വടംവലി മത്സരത്തില്‍ ഉദുമ വില്ലേജ് ജേതാക്കളായി. ബാര വില്ലേജ് രണ്ടും പാക്കം വില്ലേജ് മൂന്നും സ്ഥാനം നേടി. മൈലാഞ്ചിയിടല്‍ മത്സരത്തില്‍ നൂസ്ര ബേക്കല്‍ ഒന്നും ഫാത്തിമ കൊച്ചി ബസാര്‍ രണ്ടും സ്ഥാനം നേടി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.