Latest News

ഉദയ കൊടക്കാടിന്റെ നാടകം 'ശവാസനം' അരങ്ങിലെത്തി

കാഞ്ഞങ്ങാട്:[www.malabarflash.com] ഉദയ കൊടക്കാടിന്റെ നാടകം 'ശവാസനം' അരങ്ങിലെത്തി.മികച്ച സാങ്കേതിക തികവോടെ പ്രൊഫഷണല്‍ വേദികളെ വെല്ലുന്ന കലാസംവിധാനത്തിലൂടെയാണ് നാടകം പ്രേക്ഷകരിലെത്തുന്നത്.
ഉദയയുടെ ഏഴാമത് നാടകമായ 'ശവാസനം' ക്ളബ് പരിസരത്താണ് അരങ്ങേറിയത് .


ബസ്സ്റ്റാന്‍ഡിലും പൊതുസ്ഥലങ്ങളിലും പത്രം വില്‍ക്കുന്ന പഴയകാല പത്രവിതരണക്കാരന്റെ അനുഭവങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. വിപ്ളവകരമായ നേട്ടങ്ങള്‍ സമൂഹം കൈവരിച്ചതെല്ലാം തള്ളിപ്പറയുന്ന പുതിയകാലത്ത് ഓരോരോ കാലത്തെ വാര്‍ത്തകള്‍, നമ്മെ തിരിച്ചുനടക്കാന്‍ പ്രേരിപ്പിക്കുന്നു. ആദ്യ മന്ത്രിസഭ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ 50 വര്‍ഷത്തിനുശേഷവും ജനഹൃദയങ്ങളില്‍ ഇടംനേടിയ വാര്‍ത്തകളാണെന്ന് വില്‍പനക്കാരന്‍ വിളിച്ചുപറയുന്നു. 

കൊല്ലപ്പെട്ടവന്റെ വെട്ടിന്റെ കണക്കും പീഡിക്കപ്പെട്ട് മാനം നഷ്ടപ്പെട്ട പെണ്ണിന്റെ നഗ്നതയും വിളിച്ചുപറയുന്ന കാലത്തേക്ക് വാര്‍ത്തകള്‍ മാറിയ സാഹചര്യം എങ്ങനെയുണ്ടായിയെന്ന് നാടകം വിളിച്ചുപറയുന്നു. താല്‍പര്യത്തിനും പണത്തിനുമായി വാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെ നെറികേടുകളെയും നാടകം വിചാരണ ചെയ്യുന്നു. 

നാല് ഭാഗത്തുനിന്നും പ്രേക്ഷകര്‍ക്ക് കാണാവുന്ന തുറന്ന വേദിയിലാണ് നാടകം അവതരിപ്പിക്കുന്നത്. നാല് ചക്രമുള്ള ഉന്തുവണ്ടിയാണ് വേദി. ഒരു മണിക്കൂര്‍ നീളുന്ന നാടകത്തിലെ വേദിയില്‍ ദിനേശ്ബീഡി കമ്പനി, ചായക്കട, പപ്പട ഫാക്ടറി, ബാര്‍ബര്‍ ഷോപ്പ് എന്നിവ നേരിട്ട് കാണിക്കും. 

നൂറുവേദി പിന്നിട്ട നിരവധി പുരസ്കാരങ്ങള്‍ നേടിയ 'മത്തി' നാടകത്തിന്റെ സംവിധായകന്‍ ജിനോ ജോസഫാണ് 'ശവാസനം' അരങ്ങിലെത്തിക്കുന്നത്. രഞ്ജി കാങ്കോലാണ് സഹസംവിധാനം. പ്രകാശന്‍ വെള്ളച്ചാല്‍, വിനോദ് കൊടക്കാട്, സുരേഷ് ബാബു, വിജയന്‍ പലിയേരി, പവിത്രന്‍ കാന, ബിജു, രമേശന്‍, ശരത്, രഞ്ജി നടുപ്പുറം, പത്മനാഭന്‍, ടി ടി പ്രകാശന്‍ എന്നിവരാണ് അഭിനേതാക്കള്‍.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.