Latest News

ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാം; എടിഎം വഴി ദിവസം 2500 രൂപയും പിന്‍വലിക്കാം


ന്യൂഡല്‍ഹി: [www.malabarflash.com] 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പുതിയ ഇളവുകള്‍ ധനമന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശം അനുസരിച്ച് ആഴ്ചയില്‍ ഒരക്കൗണ്ടില്‍ നിന്ന് ചെക്ക് വഴിയോ സ്ലിപ്പ് വഴിയോ 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 ആയിരുന്നു.
ഒരു ദിവസം 10,000 രൂപ മാത്രമേ പിന്‍വലിക്കാവു എന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുമുണ്ട്. ഇതോടെ ഒറ്റത്തവണ തന്നെ 24,000 രൂപ പിന്‍വലിക്കാം.

തിങ്കളാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപയും പിന്‍വലിക്കാം. നേരത്തേ ഇത് 2,000 രൂപയായിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

എല്ലാ ബാങ്കുകളോടും പ്രധാനപ്പെട്ട  ആസ്പത്രികള്‍ക്ക് സമീപം മൊബൈല്‍ എടിഎം വാനുകള്‍ സജ്ജമാക്കിയിരിക്കണമെന്നും ധനകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നോട്ടുകള്‍ ലഭിക്കാത്തത് ചികിത്സയെ ബാധിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. മാത്രമല്ല എല്ലാ കച്ചവട സ്ഥാപനങ്ങളും, ആസ്പത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവ പാലിക്കാത്തവര്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് നടപടി എടുക്കാമെന്നും ധനമന്ത്രാലയം പറയുന്നു.

മാത്രമല്ല അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമിണ മേഖലകളില്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതെ വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട്  അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

നിലവില്‍ 50,000 കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 13 വരെ മൂന്ന് ലക്ഷം കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് ബാങ്കുകളില്‍ എത്തിയതെന്നും മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ പറയുന്നു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.