Latest News

നൂതനസാങ്കേതിക വിദ്യയോടെ റോഡുകള്‍ നവീകരിക്കും : മന്ത്രി ജി സുധാകരന്‍

കാസര്‍കോട്:[www.malabarflash.com] നൂതന സാങ്കേതിക വിദ്യയോടെ സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും ഉപ്പള-കനിയാന റോഡിന്റെയും നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് വിദ്യാനഗറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന തലക്കെട്ടോടെയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിനായി നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. റബ്ബര്‍ മിശ്രിതം, പ്ലാസ്റ്റിക് തുടങ്ങിയവയൊക്കെ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. 

ദീര്‍ഘകാലം ഈടുനില്‍ക്കുന്ന റോഡുകളാണ് നിര്‍മ്മിക്കുന്നത്. വിദ്യാനഗര്‍- സീതാംഗോളി, ഉപ്പള-കനിയാന റോഡുകളുടെ പ്രവൃത്തിക്ക് ഒരു കിലോമീറ്ററിന് മൂന്നരകോടി രൂപയാണ് നിര്‍മ്മാണചെലവ്. 85 കോടിയോളം രൂപ ചെലവിട്ട് ഈ റോഡുകള്‍ 13 വര്‍ഷത്തെ ഗ്യാരണ്ടി പിരീഡോടെയാണ് നിര്‍മ്മിക്കുന്നത്. 

ഈ കാലയളവില്‍ റോഡിന് അറ്റകുറ്റപ്പണി കരാറുകാരന്‍ നടത്തണം. അറ്റകുറ്റപ്പണി വരാത്ത രീതിയിലായിരിക്കണം ആദ്യം തന്നെ റോഡ് നിര്‍മ്മാണം നടത്തേണ്ടത്. റോഡിനോട് ചേര്‍ന്ന് ഓവുചാലും വേണം. ഓവുചാലിന്റെ മുകള്‍ പരപ്പ് റോഡിനോട് സമനിലയിലായിരിക്കണം.
കര്‍ണ്ണാടകയുടെ അതിര്‍ത്തിയായ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരത്തിന്റെ തെക്കേയറ്റം വരെ 1200 കി.മീ. നീളത്തില്‍ മലയോരഹൈവേയും തീരദേശ ഹൈവേയും കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. 

ചെര്‍ക്കള ജംഗ്ഷനിലും കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷനിലും റോഡുകള്‍ നവീകരിച്ചത് അശാസ്ത്രീയമാണെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍,ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍ കെ സബിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ജില്ലാ പഞ്ചായത്തംഗങ്ങളായ മുംതാസ് സെമീറ, പുഷ്പ അമേക്കള, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാലതി സുരേഷ്, അരുണാജയ, ഭാരതി ജയഷെട്ടി, ഷാഹിന സലീം, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെയ്ക് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോഡ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം പെണ്ണമ്മ സ്വാഗതവും എം സുബൈര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.