Latest News

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കള്‍: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്:[www.malabarflash.com] സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളാണെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
മുന്നാട് ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടവും ജില്ലാ തീറ്റപ്പുല്‍ കൃഷി ദിനാചരണവും ക്ഷീര കര്‍ഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സഹകരണസംഘങ്ങള്‍ പ്രതിസന്ധിയിലായത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ശതകോടീശ്വരന്മാരുടെ കിട്ടാക്കടം എഴുതിത്തള്ളുകയും ഗ്രാമീണ തലത്തില്‍ സഹകരണസംഘങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് തെറ്റായ നിലപാടാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

വിയര്‍പ്പൊഴുക്കാതെ ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ ഒരുക്കുന്നത്. ഇത് കള്ളപ്പണക്കാരുടെ മാര്‍ഗ്ഗമാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡരികില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്ന അനധികൃത കച്ചവടക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. 

യുവജനങ്ങള്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.തീറ്റപ്പുല്‍ കൃഷി വര്‍ഷം ലോഗോ മന്ത്രി ജി സുധാകരന്‍ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു ക്ഷീരസംഘങ്ങളേയും മികച്ച കര്‍ഷകരേയും ചടങ്ങില്‍ ജനപ്രതിനിധികള്‍ ആദരിച്ചു.
ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ പി വി രമേശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ.പത്മാവതി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാലിദ് ബെള്ളിപ്പാടി (മുളിയാര്‍), മുസ്തഫ ഹാജി (ദേലംപാടി), ജി.സ്വപ്ന (കാറഡുക്ക), എം.ലത (ബെള്ളൂര്‍), ഫാത്തിമത്ത് സുഹറ (കുമ്പഡാജെ), എന്‍.ടി.ലക്ഷ്മി (കുറ്റിക്കോല്‍), കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.കുമാരന്‍, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു ശ്രീധരന്‍, കെ.ഉഷ, പി.കെ.ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.മാധവന്‍, ക്ഷീരവികസന ഓഫീസര്‍ എസ്.വിധുബാല മുന്‍ എം.എല്‍.എ കെ.പി.സതീഷ് ചന്ദ്രന്‍, തുടങ്ങിയവരും വിവിധ രാഷ്്ട്രീയ കക്ഷി നേതാക്കളും മില്‍മ, ക്ഷീരസംഘം പ്രതിനിധികളും സംബന്ധിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍ സ്വാഗതവും മുന്നാട് ക്ഷീര സംഘം പ്രസിഡണ്ട് കെ.നാരായണന്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.