Latest News

ജില്ലയുടെ സ്വപ്ന സ്‌റ്റേഡിയം നാടിനായി സമര്‍പ്പിച്ചു; സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ മന്ത്രി ജി.സുധാകരന്‍ സ്വയം മറന്ന് പന്തിനു പിറകെ ഓടി

തൃക്കരിപ്പൂര്‍:[www.malabarflash.com] പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ കാസര്‍കോട് ആണോ ആലപ്പുഴയിലാണോ എന്ന് മറന്നു പോയ നിമിഷം. മുണ്ട് മടക്കി കുത്താന്‍ പോലും മിനക്കെടാതെ സിന്തറ്റിക് ടര്‍ഫില്‍ കയറി ഒരോട്ടം. 

സംഘാടകരും ജനപ്രതിനിധികളും കൂടെ പാഞ്ഞു. മന്ത്രി നിന്നത് മൈതാന മധ്യത്തെ ടച്ച് ലൈനില്‍ അപ്പോഴേക്കും ആരോ പന്തെറിഞ്ഞു കൊടുത്തു. ഓടി വന്ന മന്ത്രി അതേ വേഗതയില്‍ ഒരടി വച്ചു കൊടുത്തു. എല്ലാവര്‍ക്കും സന്തോഷം ബോള്‍ കിഴക്ക് ഭാഗത്തെത്തി. എന്നിട്ടും മന്ത്രിക്ക് തൃപ്തിയായില്ല. വീണ്ടും ഓട്ടം കിഴക്കേ ലൈനിലൂടെ തെക്ക് ഭാഗത്തെ ഗോള്‍ പോസ്റ്റിനെ ലക്ഷ്യമിട്ട്.
അവിടെയെത്തുമ്പോഴേക്കും ഫുട്‌ബോള്‍ പരിശീലകന്‍ ഉദിനൂര്‍ കെ.വി.ഗോപാലന്‍ പന്ത് എടുത്ത് ബോക്‌സിനകത്ത് വച്ച് കൊടുത്തു. ചുവന്ന ജേഴ്‌സിയണിഞ്ഞ യുവാവായ ഗോള്‍ കീപ്പറും തയ്യാര്‍. അപ്പോഴേക്കും കോച്ചിന്റെ നിര്‍ദേശം വന്നു. ഗോള്‍ പോസ്റ്റിനു കീഴില്‍ കാവല്‍ക്കാര്‍ വേണ്ട. മന്ത്രി യദേഷ്ടം ഗോളടിക്കട്ടെ. 

നാട്ടുകാര്‍ വീര്‍പ്പടക്കി നിന്നു. പിന്നെയൊരു തയ്യാറെടുപ്പായിരുന്നു. ഒന്ന് നിവര്‍ന്ന മന്ത്രി പോസ്റ്റ് ലക്ഷ്യമിട്ട് ആഞ്ഞടിച്ചു. എല്ലാവരും പന്ത് പോയ വഴി നോക്കി നിന്നു. എന്നാല്‍ പോസ്റ്റിലേക്ക് ബോള്‍ കയറിയില്ല. ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് ഒരു പോക്ക്. ശരിയാവില്ലല്ലോ. ഈയ്യക്കാട് സ്വദേശിയായ നിര്‍മാണ തൊഴിലാളി മന്ത്രിക്കായി പന്ത് തട്ടി വലയിലേക്ക് ഇട്ടു. 
പിന്നെ മന്ത്രി നേരെ ചടങ്ങു നടക്കുന്ന വേദിയിലേക്ക്. പക്ഷെ ഓടിയതിന്റെ കിതപ്പും ബുദ്ധിമുട്ടും മനസിലാക്കി പൊതുമരാമത്തുകാരോ, സംഘാടകരോ, ജില്ലാ, ബ്ലോക്ക്, ഗ്രാമ ജനപ്രതിനിധികളോ നാട്ടുകാരോ ഒരു തുള്ളി വെള്ളം പോലും നാവ് നനക്കാന്‍ നല്‍കിയില്ല. 

എന്നാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൃക്കരിപ്പൂര്‍ എം.എല്‍.എ. വെടി പൊട്ടിക്കുകയും ചെയ്തു. മന്ത്രിക്ക് സിന്തറ്റിക് സ്‌റ്റേഡിയം കണ്ടപ്പോള്‍ പദവിയോ സ്ഥലകാല ബോധമോ പോലും ഓര്‍മയുണ്ടായില്ലെന്ന് എം.എല്‍.എ. അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു വച്ചു. മന്ത്രി ഉള്ളില്‍ കരുതിക്കാണും ഇത് കൊലച്ചതിയായിപ്പോയി..! ആരോട് പറയാന്‍....സഹിക്കുക തന്നെ.


ചിത്രങ്ങള്‍: ഉറുമീസ് തൃക്കരിപ്പൂര്‍


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.