Latest News

മദ്യലഹരിയില്‍ പോലീസുകാരെയും ഓട്ടോ ഡ്രൈവറെയും മര്‍ദിച്ചെന്ന പരാതിയില്‍ മജിസ്‌ട്രേട്ടിനെതിരെ കേസ്

സുള്ള്യ:[www.malabarflash.com] മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ കയറി ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ഡ്രൈവറെയും തര്‍ക്കം പരിഹരിക്കാന്‍ എത്തിയ കര്‍ണാടക പോലീസ് ഇന്‍സ്‌പെക്ടറെയും പോലീസുകാരെയും മര്‍ദിച്ചെന്ന പരാതിയില്‍ കാസര്‍കോട് ജില്ലയിലെ മജിസ്‌ട്രേട്ടിനെതിരെ കര്‍ണാടകയിലെ സുള്ള്യ പോലീസ് കേസെടുത്തു. 

പരുക്കേറ്റ കര്‍ണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പോലീസുകാരും സുള്ള്യ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. 

കാസര്‍കോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകര്‍ക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്‌ട്രേട്ട്. മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ കയറിയ മജിസ്‌ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്‌ട്രേട്ട് മര്‍ദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുള്ള്യ പോലീസ് സംഘത്തിനു നേരെയും മജിസ്‌ട്രേട്ട് അസഭ്യം പറഞ്ഞു. പോലീസ് സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചതായും ഒപ്പമുണ്ടായിരുന്ന സുള്ള്യ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചതായും പോലീസ് പറഞ്ഞു.
തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ സുള്ള്യ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ മജിസ്‌ട്രേട്ടാണെന്നു വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസ് ആദ്യം കേസെടുക്കാന്‍ തയാറായില്ലെങ്കിലും സ്‌റ്റേഷനിലും അക്രമം തുടരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തുടര്‍ന്നു പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍നിന്നു ജാമ്യം നല്‍കി വിട്ടയച്ച മജിസ്‌ട്രേട്ടിനോട് വിശദമായ അന്വേഷണത്തിന് അടുത്തദിവസം സുള്ള്യ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.