Latest News

നോട്ട് മാറ്റത്തിന്‍റെ തിരക്കിനിടെ വിശ്രമിക്കാന്‍ സമയം കിട്ടിയില്ല; ബാങ്ക് മാനേജര്‍ ഹൃദയാഘാതം മൂലം മരിച്ചു

രോഹ്തക്:[www.malabarflash.com] അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നു അസാധു നോട്ടുകള്‍ മാറാനുള്ള തിരക്കിനിടെ വിശ്രമിക്കാന്‍ സമയം കിട്ടാതെ ബാങ്ക് മാനേജര്‍ ഹൃദയാഘാതം മൂലം മരിച്ചു. 

ഹരിയാനയിലെ രോഹ്തക്കിലെ സഹകരണ ബാങ്ക് മാനേജര്‍ രാജേഷ് കുമാറാണു മരിച്ചത്. നോട്ട് മാറാന്‍ വന്നവരുടെ തിരക്കു മൂലം മൂന്നു ദിവസമായി രാജേഷ് കുമാറിന് ബാങ്കില്‍നിന്നു പുറത്തിറങ്ങാനോ വിശ്രമിക്കാനോ സമയം കിട്ടിയിരുന്നില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

രാജ്യത്താകമാനം ബാങ്കുകളില്‍ കടുത്ത തിരക്ക് ഇപ്പോ‍ഴും തുടരുകയാണ്. പലപ്പോ‍ഴും ബാങ്ക് ജീവനക്കാര്‍ക്കു നോട്ടുകള്‍ മാറാന്‍ വരുന്നവരുടെയും നിക്ഷേപിക്കാന്‍ വരുന്നവരുടെയും തിരക്കു നിയന്ത്രിക്കാന്‍ ക‍ഴിയാത്ത സാഹചര്യമാണു രാജ്യത്തുടനീളമുള്ളത്. അതിനിടയിലാണു വിശ്രമമില്ലാതെ ബാങ്ക് മാനേജര്‍ മരിച്ച വാര്‍ത്തയും പുറത്തുവരുന്നത്. രോഹ്തക് സഹകരണ ബാങ്കില്‍ നോട്ടു മാറാന്‍ വരുന്നവരുടെ തിരക്കു കാരണം പ്രവര്‍ത്തനസമയം പുനക്രമീകരിച്ചിരുന്നു. രാവിലെ നേരത്തേ തുറന്നു രാത്രി വൈകി ക്ലോസ് ചെയ്യുന്ന രീതിയിലായിരുന്നു ക്രമീകരണം.

എന്നാല്‍, രാജേഷ് കുമാര്‍ മാനേജരായതിനാല്‍ പല ദിവസങ്ങളിലും ബാങ്കില്‍നിന്നു പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ബാങ്കിന്‍റെ പ്രവര്‍ത്തനസമയം ക‍ഴിഞ്ഞാല്‍ മറ്റു കടലാസു പണികളുമായി രാജേഷ് കുമാര്‍ ബാങ്കില്‍തന്നെ ക‍ഴിയുകയായിരുന്നു. നേരത്തേതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരുന്നു ക‍ഴിച്ചിരുന്ന രാജേഷ്കുമാര്‍ കടുത്ത ജോലി ഭാരം വന്നതോടെ അതീവക്ഷീണിതനാവുകയും ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. ഈ മൂന്നുദിവസങ്ങളിലും വളരെക്കുറച്ചു സമയം മാത്രം രാജേഷ് കുമാര്‍ കാബിനില്‍ നിലത്തു പായ വിരിച്ചാണുറങ്ങിയിരുന്നതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

രാവിലെ ബാങ്കിലെ സെക്യൂരിറ്റ ി ജീവനക്കാര്‍ രാജേഷ്കുമാറിന്‍റെ കാബിന്‍റെ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. ബലം പ്രയോഗിച്ചു വാതില്‍തുറന്നു നോക്കിയപ്പോ‍ഴാണ് അബോധാവസ്ഥയില്‍ രാജേഷ് കുമാറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോ‍ഴേക്കു മരിച്ചിരുന്നു. ഗുഡ്ഗാവ് സ്വദേശിയായ രാജേഷ്കുമാര്‍ രോഹ്തകിലാണു താമസിച്ചിരുന്നത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.