Latest News

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരം നിറയെ വെടിയുണ്ടകള്‍

കോഴിക്കോട്:[www.malabarflash.com] നിലമ്പൂര്‍ കരുളായിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടവരുടെ പോസ്‌റ്റോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഏറ്റുമുട്ടലിനേക്കാളേറെ ഏകപക്ഷീയമായ ആക്രമണമാണ് മാവോയിസ്റ്റുകള്‍ക്ക് നേര്‍ക്ക് നടന്നതെന്ന സൂചനകളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്‍പത് മണിക്കൂറോളം നീണ്ട പ്രേതപരിശോധനയില്‍ ഇരുമൃതദേഹങ്ങളും സിടി സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജന്റെ ശരീരത്തില്‍ 15 മുറിവുകളാണ് പരിശോധനയില്‍ കണ്ടത്. പതിനൊന്ന് വെടിയുണ്ടകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ കണ്ടെടുത്തു. ദേവരാജിന്റെ വൃക്ഷണവും ആന്തരികാവയവങ്ങളും തകര്‍ന്ന അവസ്ഥയിലായിരുന്നു.

അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 13 എണ്ണവും ശരീരം തുളച്ചു കടന്നു പോയി. അഞ്ചെണ്ണം പോസ്റ്റ്‌മോര്‍ട്ടത്തിനിടയില്‍ പുറത്തെടുതെങ്കിലും ഒന്ന് ഇപ്പോഴും ശരീരത്തിലുണ്ട്.

തുടര്‍ച്ചയായി വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ചാണ് മാവോയിസ്റ്റുകളെ ആക്രമിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍മാരുടെ നിഗമനം. ദേവരാജന് മൂന്നും അജിതയ്ക്കും നാലും തവണ വെടിയേറ്റുവെന്നായിരുന്നു നേരത്തെ പോലീസ് വിശദീകരിച്ചിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് കോഴിക്കോട് മെഡി.കോളേജിലെത്തിയ കുപ്പുരാജിന്റെ ബന്ധുകളും അജിതയുടെ സുഹൃത്തുകളും അറിയിച്ചു. മൃതദേഹം അടുത്ത 72 മണിക്കൂര്‍ കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന ആവശ്യം അജിതയുടെ സുഹൃത്തുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

പോലീസിനെ കണ്ടപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിവെച്ചെന്നും തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവില്‍ അവരെ കൊന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രത്യാക്രമണം നടത്താന്‍ അവസരം ലഭിക്കാത്ത തരത്തിലുള്ള ആക്രമണമാണ് പോലീസ് നടത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

പ്രമേഹം ബാധിച്ച് അവശനിലയിലായിരുന്നു കുപ്പുദേവരാജെന്നും ഇയാളെ ശ്രുശൂഷിക്കുക എന്ന ചുമതലയാണ് അജിതയ്ക്കുണ്ടായിരുന്നുവെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന

അതിനിടെ സുപ്രീംകോടതി സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശപ്രകാരം കരുളായി ഏറ്റുമുട്ടലിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കും. ഇതിനുള്ള ഉത്തരവ് ഡിജിപി പുറപ്പെടുവിച്ചു.
(കടപ്പാട്: മാതൃഭൂമി)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.