Latest News

മൊഗ്രാലില്‍ വാന്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു


കാസര്‍കോട്: മൊഗ്രാല്‍ കൊപ്രബസാര്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് കോഴിവാനിന് തീപിടിച്ച് രണ്ടുപേര്‍ ദാരുണമായി മരിച്ചു. [www.malabarflash.com]
വാന്‍ ഡ്രൈവര്‍ കുറ്റിക്കോല്‍ പള്ളഞ്ചി മൂലയിലെ ഉജ്വല്‍ (19), സഹായി ചെര്‍ക്കള ബാലനടുക്കയിലെ വാടക വീട്ടില്‍ താമസിക്കുന്ന കര്‍ണാടക ഗാളിമുഖ പുതിയ വളപ്പ് സ്വദേശി മുഹമ്മദ് മഷൂഖ് (20) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം.
ഇറച്ചിക്കോഴികളുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ഇക്കോ വാനും തിരുവനന്തപുരത്ത് നിന്ന് കര്‍ണാടക മണിപ്പാലിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ വോള്‍വോ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് വാന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നിയന്ത്രണം വിട്ട ബസ് 350 മീറ്റര്‍ അകലെയുള്ള ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ഇടിച്ചുകയറി നിന്നു. വീടിന്റെ ഒരു ഭാഗം തകര്‍ന്നു.
അപകടം നടന്നയുടനെ സമീപവാസികള്‍ ഓടിക്കൂടി വാനിന്റെ തീ അണച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഉപ്പളയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റി തീ പൂര്‍ണ്ണമായും അണച്ചപ്പോഴാണ് ഡ്രൈവര്‍ ഉജ്വലിനെ വാനിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരക്ക് താഴെ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. പിന്നീടാണ് ദേശീയപാതയോരത്തെ കുറ്റിക്കാട്ടില്‍ മഷൂഖിന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ മഷൂഖ് റോഡരിലേക്ക് തെറിച്ചുവീണതായാണ് സംശയിക്കുന്നത്.

വിവരമറിഞ്ഞ് കുമ്പള സി.ഐ വി.വി മനോജ്, എസ്.ഐ മെല്‍വിന്‍ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. മണിപ്പാലിലേക്ക് പോവുകയായിരുന്ന ബസില്‍ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊപ്രബസാറിലെ അബ്ദുല്‍ഹമീദിന്റെ വീട്ടിലേക്കാണ് ബസിടിച്ച് കയറിയത്. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഗിരീഷി(31)ല്‍ നിന്ന് പോലീസ്‌ മൊഴിയെടുത്തു.
കുറ്റിക്കോലിലെ ജ്വാല ക്ലബ്ബിന്റെ വോളിബോള്‍ താരമായിരുന്നു ഉജ്വല്‍. കോഴി വണ്ടി ഡ്രൈവറായിരുന്ന ഉജ്വല്‍ 15 ദിവസമായി അവധിയിലായിരുന്നു. തിങ്കളാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. പള്ളഞ്ചിമൂലയിലെ ഗോപി-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗോകുല്‍ (ഡ്രൈവര്‍), രാഹുല്‍ (വിദ്യാര്‍ത്ഥി).
ഗാളിമുഖ സ്വദേശിയായ മഷൂഖും കുടുംബവും മൂന്ന് വര്‍ഷം മുമ്പാണ് ബാലനടുക്കയിലെ വാടക വീട്ടില്‍ താമസത്തിനെത്തിയത്. മുഹമ്മദ് കുഞ്ഞി-ഉമൈബ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മനാസ് (ദുബായ്), മഹ്ഷീന, മഹ്‌റൂഫ, മഷ്‌റൂഫ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.