Latest News

ഗ്രാമീണ ബാങ്ക്‌ മുള്ളേരിയ ശാഖ കൊള്ളയടിക്കാന്‍ ശ്രമം

മുള്ളേരിയ: കേരള ഗ്രാമീണ്‍ ബാങ്ക്‌ മുള്ളേരിയ ശാഖ കൊള്ളയടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ്‌ സംഭവം. മുള്ളേരിയ-ബദിയഡുക്ക റോഡില്‍ അരമനടുക്കം കോംപ്ലക്‌സിന്റെ ഒന്നാം നിലയിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌.[www.malabarflash.com] 

പുറമെ നിന്നുള്ള കോണിപ്പടികള്‍ വഴി കെട്ടിടത്തിന്‌ മുകളില്‍ കയറിയ കവര്‍ച്ചക്കാര്‍ അലാറം തകര്‍ത്ത ശേഷമാണ്‌ ആക്ഷന്‍ തുടങ്ങിയത്‌. ബാങ്കിന്റെ ജനല്‍ ഗ്ലാസ്‌ മുറിച്ചെടുത്ത ശേഷം ഏതോ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഇരുമ്പ്‌ കമ്പികള്‍ മുറിച്ചുമാറ്റി അകത്ത്‌ കടക്കുകയായിരുന്നു. 

കമ്പിപ്പാര ഉപയോഗിച്ച്‌ സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ്‌റൂം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാങ്കിനകത്തുള്ള സെക്യൂരിറ്റി അലാറം മുഴങ്ങിയതാണ്‌ കവര്‍ച്ചാ ശ്രമം വിഫലമാകാന്‍ ഇടയാക്കിയത്‌.
ബാങ്കില്‍ നിന്ന്‌ അലാറം മുഴങ്ങുന്നത്‌ കേട്ട മുള്ളേരിയ ടൗണില്‍ വ്യാപാരികള്‍ നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ കൂടുതല്‍ പേരെ സംഘടിപ്പിച്ച്‌ ബാങ്കില്‍ എത്തുന്നതിനിടയില്‍ കൊള്ളക്കാര്‍ ആയുധങ്ങളും മറ്റും ഉപേക്ഷിച്ച്‌ സ്ഥലംവിടുകയായിരുന്നു. 

വിവരമറിഞ്ഞ്‌ ആദൂര്‍ പോലീസും ആദൂര്‍ സര്‍ക്കിളിന്റെ ചുമതലയുള്ള വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തും സ്ഥലത്തെത്തി. കൊള്ളക്കാരെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ വാഹന പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബാങ്കിനകത്ത്‌ രണ്ട്‌ പുതിയ കമ്പിപ്പാരകളും ഒരു ചാക്കുകെട്ടും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബിരിയാണി അരിയുടെ ചാക്കാണ്‌ കാണപ്പെട്ടത്‌. 

വിവരമറിഞ്ഞ്‌ ജില്ലാ പോലീസ്‌ ചീഫ്‌ തോംസണ്‍ ജോസ്‌, ഡിവൈ എസ്‌ പി എം വി സുകുമാരന്‍ എന്നിവര്‍ ബാങ്കിലെത്തി. രാവിലെ വിരലടയാള വിദഗ്‌ദ്ധരും ഡോക്‌ സ്‌ക്വാഡും ബാങ്കിലെത്തി പരിശോധന നടത്തി. വിവരമറിഞ്ഞ്‌ നിരവധിപേര്‍ ബാങ്കിലെത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.