Latest News

ബി.സി ബാബുവിന്‍റെ വീട്ടില്‍ ഉമ്മന്‍ചാണ്ടിയെത്തി; കുടുംബത്തിന് അഞ്ച് ലക്ഷം രൂപസഹായ വാഗ്ദാനം

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ് പോയ മാധ്യമ പ്രവര്‍ത്തകനും മലബാര്‍ വാര്‍ത്ത സബ് എഡിറ്ററുമായ ബി സി ബാബുവിന്റെ നിര്‍മ്മാണം നിലച്ച വീട് പണി പൂര്‍ത്തിയാക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.[www.malabarflash.com] 

ബി സി ബാബുവിന്റെ അജാനൂര്‍ വെള്ളിക്കോത്തെ തറവാട് വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തുകയും പിന്നീട് സംസ്ഥാനത്തെ തന്നെ പ്രാദേശിക പത്ര പ്രവര്‍ത്തന രംഗത്തെ കരുത്തനുമായി തീര്‍ന്നതിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട കര്‍മ്മ പഥങ്ങള്‍ ഓര്‍ത്തെടുത്തു.

പുതുക്കൈ ഗുരുവനത്ത് സര്‍ക്കാര്‍ പതിച്ച് നല്‍കിയ അഞ്ച് സെന്റ് ഭൂമിയില്‍ ബി സി ബാബു നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം പാതി വഴിക്ക് നിലച്ച കാര്യവും ഇതിന്റെ വായ്പ തിരിച്ചടക്കാത്തതിനാല്‍ പണി തീരാത്ത വീട് ജപ്തി ഭീഷണിയിലായ കാര്യവും കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് കെ ബാബു, വൈസ് പ്രസിഡണ്ട് പി പ്രവീണ്‍കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബാബു കോട്ടപ്പാറ എന്നിവര്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ഉടന്‍ തന്നെ ഉമ്മന്‍ചാണ്ടി അബൂദാബി വീക്ഷണം ഫോറം ഭാരവാഹികളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് അബൂദാബി വീക്ഷണം ഫോറം ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്ക് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ ചുമതലപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടി ബി സി ബാബുവിന്റെ വീട്ടില്‍ നിന്നും യാത്ര തിരിച്ചത്.

അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്റെ വീടും കഴിഞ്ഞ ആഴ്ച നിര്യാതനായ വീക്ഷണം കണ്ണൂര്‍ ബ്യൂറോ ചീഫ് പി സജിത്ത് കുമാറിന്റെ പിതാവ് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, ഉദുമ മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ പി കുഞ്ഞമ്പു നായര്‍ എന്നിവരുടെ വീടുകളും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ ഡി സി സി പ്രസിഡണ്ടുമാരായ അഡ്വ. സികെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, പികെ ഫൈസല്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി വി സുരേഷ്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഹരീഷ് പി നായര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം കുഞ്ഞിക്കൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, ഇ ഷജീര്‍, പത്മരാജന്‍ ഐങ്ങോത്ത്, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ പി അരവിന്ദാക്ഷന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രമാദേവി, ഗീത രത്‌നാകരന്‍, പി ബാലകൃഷ്ണന്‍, ശ്രീനിവാസന്‍ മഡിയന്‍, രാജീവന്‍ വെള്ളിക്കോത്ത്, അരവിന്ദാക്ഷന്‍, പത്മരാജന്‍ വെള്ളിക്കോത്ത്, കെ കെ വേണുഗോപാല്‍, രത്‌നാകരന്‍ ജോത്സ്യന്‍, നോയല്‍ ടോമിന്‍ ജോസഫ്, സണ്ണി കള്ളിവയല്‍ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.