Latest News

പരാജിതരുടെ നീതിശാസ്ത്രങ്ങൾ പുനർവായിച്ച് " രണ്ടന്ത്യ രംഗങ്ങൾ" ശ്രദ്ധേയമായി

അബുദാബി:  അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഒന്നാം ദിനമായ ഡിസംബർ 27 ചൊവാഴ്ച തീരം ആർട്സ് ദുബായ് അവതരിപ്പിച്ച "രണ്ടന്ത്യ രംഗങ്ങൾ" എന്ന നാടകം അവതരണ രീതികൊണ്ടും സമകാലീനത കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി. [www.malabarflash.com]

പരാജിതരുടെ നീതിശാസ്ത്രങ്ങൾ പുനർ വായനയ്ക്ക് വിധേയമാക്കുകയായിരുന്നു ഈ നാടകം. പരാജിതർ എന്നുമുണ്ടാകുകയും അവർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ നാടകം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള സമകാലീനതയുടെ ഒരു കീഴാള വായനയാണ്. വർത്തമാന ഫാസിസ്റ്റ് സവർണ്ണതയുടെ ധ്വനിപാഠങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം എന്തിനാണ് യുദ്ധം എന്ന ചോദ്യവും നാടകമുയർത്തുന്നു.

തുടയ്ക്കടിയേറ്റ് മരിക്കാറായ ദുര്യോധനനെയാണ് നാടകാരംഭത്തിൽ നാം കാണുന്നത്. ദുര്യോധന കുടുംബത്തിന്റെ വിലാപങ്ങളും തുടർന്നുള്ള രംഗങ്ങളും പ്രേക്ഷകരിൽ വൈകാരികത സൃഷ്ടിക്കപ്പെടുന്നു. പിന്നീട് ,മഹാഭാരത യുദ്ധത്തിന്റെ പതിനാറാം നാൾ സ്വർഗ്ഗം പൂകിയ കർണ്ണൻ ആത്മാവിന്റെ രൂപത്തിൽ ദുര്യോധനനെ കാണുവാനെത്തുന്നു .

കുരുക്ഷേത്രത്തില്‍ കര്‍ണന്‍ മരണം വരിച്ചതിന്റെ കഥകള്‍ ആത്മാവ് ദുര്യോധനനോട് പറയുമ്പോള്‍ കര്‍ണഭാരം നാടകം അരങ്ങില്‍ ആരംഭിക്കുന്നു.കര്‍ണന്റെ ശാപത്തിന്റെയും മരണത്തിന്റെയും കഥപറച്ചിലിനൊടുവില്‍ നാടകം ദുര്യോധനന്റെ അന്ത്യത്തില്‍ അവസാനിക്കുന്നു. 

ആദ്യകാല സംസ്കൃത നാടക കൃത്ത് ഭാസന്റെ കർണ്ണഭാരം ഊരുഭംഗം എന്നീ നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശ്രീജിത്ത് പൊയിൽ കാവ് രചന നിർവ്വഹിച്ച ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് നരേഷ് കോവിലാണ്. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായ ദുര്യോധനനായി വേഷമിട്ട ഷാജി കുറുപ്പത്തിന്റെയും കർണ്ണനായി വേഷമിട്ട ഡോ. ഹരിറാമിന്റെയും അഭിനയം മികച്ചതായിരുന്നു .

നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവർ ചേർന്നാണ് കലാസംവിധാനം നിവ്വഹിച്ചിരിക്കുന്നത്.ചമയം ക്ളിന്റ് പവിത്രനും വേഷവിധാനം പ്രേമന്‍ ലാലുരും അഭിലാഷും ചേര്‍ന്നുമാണ് നിര്‍വഹി ച്ചിരിക്കുന്നത്. സംഗീതം വിജു ജോസഫും സതീഷ് കോട്ടക്കലുമാണ് ഒരുക്കിയത്.ശ്രീജിത്ത് പൊയിൽകാവിന്റെ നോഹരമായ വെളിച്ചവിതാനം നാടകത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.

നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 28 ബുധൻ രാത്രി 8 .30 ന് അലൈൻ മലയാളി സമാജം അവതരിപ്പിക്കുന്ന "ദി ട്രയൽ "എന്ന നാടകം അരങ്ങേറും. . മൂന്നാം ദിനമായ ഡിസംബർ 29 വ്യാഴം രാത്രി 8 .30 ന് റിമമ്പറൻസ് തിയേറ്റർ ദുബായ് അവതരിപ്പിക്കുന്ന"മരക്കാപ്പിലെ തെയ്യങ്ങൾ "നാടകമാണ് അവതരിപ്പിക്കുക.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.