Latest News

യുഎഇയുമായി സഹകരിച്ച് കേരള ടൂറിസം വികസിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

ദുബൈ: യുഎഇയുമായി സഹകരിച്ച് കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈയിൽ യുഎഇ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ടൂറിസം വികസനകാര്യത്തിൽ യുഎഇയുടെ പങ്കാളിത്തം ഉറപ്പാക്കും. ടൂറിസം രംഗത്ത് വിസ്മയകരമായ കാര്യങ്ങളാണ് യുഎഇ നടപ്പാക്കുന്നത്. ഇവ കേരളത്തിലും നടപ്പാക്കുന്ന കാര്യം യുഎഇയുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിക്കുന്ന കാര്യം യുഎഇ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭൂപ്രകൃതി വച്ചു നോക്കിയാൽ വലിയ രീതിയിലുള്ള വികസനം സാധ്യമാകും. ജുമൈറ അടക്കം യുഎഇയുടെ വികസനപദ്ധതികൾക്കുള്ള ഉദാഹരണമാണ്. കടലോര ടൂറിസത്തിൽ കേരളം ഉപയോഗിക്കുന്ന തീരദേശ മേഖലകൾ കുറവാണ്. കോവളവും വർക്കലയും മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു പുറമേ മലബാറിൽ ധാരാളം കടലോര മേഖകൾ ടൂറിസത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നതുണ്ട്. ഇവയെയും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ വികസനത്തിൽ ഗവേഷണ സ്ഥാപനം തുടങ്ങുന്ന കാര്യം ദുബായ് സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ദുബൈയിലും ചില ആയുർവേദ പദ്ധതികൾ ആരംഭിക്കും. ഇത് കേരളത്തിലെയും ദുബൈയിലെയും ആയുർവേദത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. യുഎഇ മലയാളികൾക്കായി സാംസ്‌കാരിക നിലയം ആരംഭിക്കുന്ന കാര്യം ദുബൈ സർക്കാരുമായി സംസാരിച്ചിട്ടുണ്ട്. യുഎഇയിലെ മലയാളികൾക്ക് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായിക്കും.

മലയാളം കൂടി പഠിപ്പിക്കുന്ന പബ്ലിക് സ്‌കൂളുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകളുടെ സൗകര്യത്തെ കുറിച്ചും സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.