Latest News

ബിജെപി നേതാവ്‌ എസ് കെ കുട്ടന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന ബി ജെ പി നേതാവും കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന അജാനൂര്‍ പടിഞ്ഞാറെക്കരയിലെ എസ് കെ കുട്ടന്‍(68) അന്തരിച്ചു.[www.malabarflash.com]


വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കടുത്ത ഹൃദയാഘാതമാണ് മരണ കാരണം.
ആര്‍എസ്എസിലൂടെ പൊതുരംഗത്തെത്തിയ എസ് കെ കുട്ടന്‍ നിരവധി തവണ ബിഎംഎസ് ജില്ലാ സെക്രട്ടറിയായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്, നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രാഷ്ട്രീയ സ്വയംസേവക സംഘും ജനസംഘവും ബിജെപിയുമൊക്കെ പ്രാണവായു പോലെ കൊണ്ട് നടക്കുമ്പോഴും മത-രാഷ്ട്രീയത്തിനതീതമായ ഊഷ്മള സൗഹൃദവും സാഹോദര്യവും ഊട്ടിഉറപ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു എസ് കെ കുട്ടന്‍.


അജാനൂര്‍ മേഖലകളില്‍ കടുത്ത രാഷ്ട്രീയ വൈര്യം നിലനില്‍ക്കുമ്പോഴും സ്‌നേഹ സാന്ത്വനവുമായി എസ് കെ കുട്ടന്‍ ജനങ്ങള്‍ക്കിടയിലേക്ക് വലുപ്പ ചെറുപ്പമില്ലാതെ ഇറങ്ങിച്ചെന്നു. മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്റെ സന്തത സഹചാരി എന്ന നിലയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ആദരവ് നേടിയെടുക്കാനും എസ് കെ കുട്ടന് കഴിഞ്ഞു. അജാനൂര്‍ മേഖലകളില്‍ ജാതി-മത വ്യത്യാസമില്ലാതെ മിക്ക വീടുകളിലും നടക്കുന്ന പരിപാടികളിലൊക്കെ നിറസാന്നിധ്യമായിരുന്നു കുട്ടന്‍.
മൃതദേഹം ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുക്കണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയിരുന്നു. മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭനുള്‍പ്പെടെ നിരവധി നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലും പടിഞ്ഞാറെക്കരയിലെ വസതിയിലുമെത്തി.


ഭാര്യ: തങ്കമണി, മക്കള്‍: വിനയന്‍ (സിവില്‍ പോലീസ് ഓഫീസര്‍, ഹൊസ്ദുര്‍ഗ് സിഐ ഓഫീസ്), വിവേക് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ശില്‍പ (അധ്യാപിക, സദ്ഗുരു പബ്ലിക് സ്‌കൂള്‍ പേരുര്‍), രാജേശ്വരി. സഹോദരങ്ങള്‍: ലക്ഷ്മി, അപ്പു (റിട്ട. ഓട്ടോമൊബൈല്‍ പ്രീമിയര്‍ വര്‍ക്ക്‌ഷോപ്പ്), പരേതയായ ജാനകി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.