Latest News

വയനാട്ട് കുലവന്റെ വരവറിയിച്ച് കണ്ണോത്ത് കല്ല്യോട്ട് ദേശക്കാര്‍ ഒരുമിച്ചിരുന്ന് ഓലമെടഞ്ഞു

കാഞ്ഞങ്ങാട്: ഒരു മഹോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഓരോന്നും ഒരുമിക്കാനും ഓര്‍മ്മിക്കാനുമുള്ള മുഹൂര്‍ത്തങ്ങളാക്കി മാറ്റുകയാണ് കണ്ണോത്ത് കല്ല്യോട്ട് ഗ്രാമവാസികള്‍. [www.malabarflash.com]

അത്തരത്തില്‍ സ്വയം സേവനത്തിലൂടെ ഒരുത്സവത്തെ മഹനീയവും മാതൃകാപരവുമാക്കാന്‍ ഇവര്‍ നടത്തുന്ന ഓരോ കര്‍മ്മവും ചൈതന്യവത്തായിത്തായി മാറുകയാണ്. ഒരുമിച്ചിരുന്ന് ഓല മെടഞ്ഞും മുളയും ഈറ്റയും വെട്ടിയെടുത്തും ഒരുക്കങ്ങളോരോന്നും ഇവിടെ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ വിളംബരമായിത്തീരുന്നു.

സാമ്പത്തികവും സാമൂഹികവും സാമ്പ്രദായീകവുമായ അതിര്‍വരമ്പുകളെല്ലാം അപ്രസക്തങ്ങളാകുന്ന പ്രതീക്ഷാ നിര്‍ഭരവും ഭക്തി നിര്‍ഭരവുമായ അനിര്‍വ്വജനീയ കാഴ്ച കൂടിയാണത്. ഓല മെടയല്‍ ഒരുപാട് പേര്‍ക്ക് ഓര്‍മ്മ പുതുക്കലായപ്പോള്‍ മറ്റ് പലര്‍ക്കും അത് പുതിയ പാഠത്തിന്റെ പരിശീലനമായി.

കാതങ്ങള്‍ക്കപ്പുറമുള്ള കുന്നും കാടും താണ്ടിയാണ് പന്തലിനും കലവറയ്ക്കും ഭക്ഷണശാലയ്ക്കും എല്ലാമുള്ള മുളയും ഈറ്റയും വാല്യക്കാര്‍ ദേവസ്ഥാനത്തെത്തിക്കുന്നത്. അവധി ദിനങ്ങള്‍ മാത്രമല്ല പ്രവൃത്തി ദിനങ്ങളിലും വിരളമായി ലഭിക്കുന്ന ഒഴിവു വേളകളെപ്പോലും മഹോത്സവത്തിനായി മാറ്റിവെയ്ക്കുകയാണ് ഓരോരുത്തരും. ഒരു മനസ്സായി ഒരുമിച്ചിരുന്ന് ഒറ്റദിവസം കൊണ്ട് ആയിരത്തോളം മഡല്‍ ഓലയാണ് ഇവര്‍ മെടഞ്ഞൊരുക്കിയത്.

അടുക്കള തൊട്ട് മറക്കളം വരേയുള്ള ഒരുക്കങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികളെല്ലാം ആധ്വാനം മാത്രം ചെലവഴിച്ച് ഉണ്ടാക്കിയെടുക്കാനുള്ള വാല്യക്കാരുടെ തീരുമാനവും ശ്രമവും ഇതിനോടകം തന്നെ പരമാവധി വിജയത്തിലെത്തിക്കഴിഞ്ഞു. ചൂലുണ്ടാക്കിയും അനുഭവത്തിന്റെ വെളിച്ചത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രായമായവരും ഒരുക്കളില്‍ സജീവമാണിവിടെ. ഈ തെയ്യാട്ടക്കാലത്ത് ആദ്യമായി വയനാട്ട് കുലവനെ വരവേല്‍ക്കാവും ദര്‍ശനപുണ്യം നേടാനും കൈവന്ന നിയോഗത്തെ വലിയ സൗഭാഗ്യമായിക്കണ്ട് തെയ്യം കെട്ടിനെ കുറ്റമറ്റതും മാതൃകാപരവുമാക്കാന്‍ കണ്ണോത്ത്കല്ല്യോട്ട് ദേശക്കാര്‍ അരയും തലയും മുറുക്കി ഒരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിക്കുകയാണ്.

27 സംവത്സരങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം 2017 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരേയാണ് പെരിയ ശ്രീ പുലിഭൂത ദേവസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതും കല്ല്യോട്ട് ശ്രീ ഭഗവതീക്ഷേത്ര കഴകത്തിന്റെ അധീനതയിലുള്ളതുമായ കണ്ണോത്ത് താനത്തിങ്കല്‍ ദേവസ്ഥാനത്ത് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായി അരങ്ങുണരുക.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.