Latest News

തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചതിന് പിന്നാലെ തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറും നടന്നു. രാത്രി ഒരു മണിയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.[www.malabarflash.com]

തൃച്ചംബരം വിവേകാനന്ദ സാംസ്‌ക്കരിക നിലയത്തിന് നേരെയായിരുന്നു ബോംബേറ് നടന്നത്. കതകുകളും കസേരകളും തകര്‍ന്നു. ഏതാനും ദിവസങ്ങളായി ഇവിടെ രാഷ്ട്രീയ സംഘര്‍ഷം നടക്കുകയാണ്. സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം പിണറായി ഏരിയാകമ്മറ്റി വ്യക്തമാക്കി

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് മരിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടന്നതും. ഇതിനെ തുടര്‍ന്ന ബിജെപി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ ജില്ലയില്‍ നടക്കുന്ന കലോത്സവത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. സ്ഥലത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി 11.15 നായിരുന്നു മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷിന് വെട്ടേറ്റത്. സംഭവസമയത്ത് ഇയാള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഭാര്യയും മക്കളും മീത്തലെപീടികയിലെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ചു പറയുകയും പോലീസും സുഹൃത്തുക്കളും ചേര്‍ന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും വഴിയില്‍ തന്നെ രക്തം വാര്‍ന്ന് സന്തോഷ് മരിക്കുകയുമായിരുന്നു. ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റായ സന്തോഷ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം അണ്ടല്ലൂര്‍ വാര്‍ഡില്‍ മത്സരിച്ചിരുന്നു.

ആക്രമണവുമായി ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സിപിഎം പ്രതികരിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി മാറുന്ന കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഇത് മൂന്നാമത്തെ കൊലപാതകമാണ്. കലോത്സവത്തിനിടയില്‍ സിപിഎം നടത്തുന്ന അക്രമത്തിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് ബിജെപി ജില്ലാഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ യും എബിവിപിയും തുടങ്ങിവെച്ച സംഘട്ടനങ്ങളാണ് ഈ രീതിയില്‍ എത്തിയിട്ടുള്ളത്.

കോളേജ് ക്യാംപസില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ - എബിവിപി സംഘട്ടനം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍ന്നയായി നടക്കുന്ന അക്രമങ്ങളുടെ ഭാഗമാണ് കൊലപാതകമെന്നാണ് കരുതുന്നത്.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.