Latest News

ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂള്‍ വായനശാല ഉദ്ഘാടനം ചെയ്തു

ചെമ്മനാട്: മലയാള സാഹിത്യ ഇതിഹാസമായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെയും ഉബൈദ് സാഹിബ്, പി. കുഞ്ഞിരാമന്‍ നായര്‍, തുടങ്ങിയ കവികളുടെയും മനോഹര ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച വായനശാല കവിയും സിനിമ ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

'വായിക്കുക, ദൈവത്തിന്റെ നാമത്തില്‍ വായിച്ചു പഠിക്കുക എന്ന വിശ്വപ്രസിദ്ധമായ ആഹ്വാനം നെഞ്ചേറ്റുന്ന ഒരു ജനതയുടെ ആഗ്രഹസഫലീകരണം പോലെ അതിമനോഹരമായ ഈ വായനശാല ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി കൈതപ്രം പറഞ്ഞു. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ യാത്രക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് ഉത്തര കേരളത്തില്‍ തന്നെ മാതൃകയായ പ്രദേശമാണ് ചെമ്മനാട് എന്നും മനസിലാക്കുന്നു. ഹമീദലി ഷംനാടുമായി പരിചയപ്പെട്ടതും സ്ത്രീ വിദ്യഭ്യാസ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താല്‍പര്യവും കൈതപ്രം അനുസ്മരിച്ചു.

മഹാനായ പാണക്കാട് സയ്യദ് മുഹമ്മദലി ഷിഹാബ് തങ്ങളെ കാണാന്‍ പോയതും അവിടെ നിന്ന് ലഭിച്ച സ്വീകരണവും നന്ദിപൂര്‍വ്വം സ്മരിക്കുന്നുവെന്നും കൈതപ്രം ചൂണ്ടിക്കാട്ടി. 'എല്ലാം മാനവരാശിയുടെ നന്മക്ക് വേണ്ടി എന്ന ഖുര്‍ആന്‍ സുക്തം ഉപദേശമായി നല്‍കിയ തങ്ങളുടെ പ്രാര്‍ത്ഥനയാണ് എന്റെ വളര്‍ച്ചയുടെ ചാലക ശക്തി എന്നും കൈതപ്രം സ്‌നേഹപൂര്‍വ്വം ഓര്‍മ്മിച്ചു.

മുന്‍ മന്ത്രിയും ഹൈസ്‌കൂള്‍ മാനേജരുമായ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ബി മുനീര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ്, ഹൈ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ്, ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ.ഓ, ജമാഅത്ത് ട്രഷറര്‍ യു.എം അഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ സൈനബത്ത് വഫ മുഖ്യാഥിതിയെ പരിചയപ്പെടുത്തി സ്‌കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള സ്വാഗതവും ജമാഅത്ത് സെക്രട്ടറി സി.എച്ച് സാജു നന്ദിയും പറഞ്ഞു.
കൈതപ്രം രചിച്ച സിനിമ ഗാനങ്ങളുടെ ആലാപനം അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പി.വേണു, കെ.വി അനീഷ്, ഷിനോജ്, നാരായണന്‍ നമ്പൂതിരി എന്നിവര്‍ അവതരിപ്പിച്ചു. സംസ്ഥാന കലോത്സവത്തിലും കായിക മത്സരത്തിലും പ്രശസ്ത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ച് കൈതപ്രം ആദരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.