Latest News

ഗാന്ധിജിയുടെ ചിത്രം രാജ്യത്തെ കറന്‍സി നോട്ടുകളില്‍നിന്നു പിന്‍വലിക്കുമെന്ന ബിജെപി മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍


ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം രാജ്യത്തെ കറന്‍സി നോട്ടുകളില്‍നിന്നു പിന്‍വലിക്കുമെന്ന് ഹരിയാനാ ബിജെപി മന്ത്രി അനില്‍ വിജ്. വിവാദമായതോടെ, വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നുവെന്നു മന്ത്രി വിശദീകരിച്ചു. അനില്‍ വിജിന്റെ പ്രസ്താവനയെ അപലപിച്ച ബിജെപി, പാര്‍ട്ടിയുടെ അഭിപ്രായമല്ല ഇതെന്നും വ്യക്തമാക്കി. [www.malabarflash.com]

ഹരിയാനയിലെ ആരോഗ്യ–കായിക–യുവജനകാര്യ മന്ത്രിയാണ് അനില്‍ വിജ്. ഖാദി ഗ്രാമോദ്യോഗ കമ്മിഷന്‍ കലണ്ടറില്‍ ഗാന്ധിജിയുടെ ചിത്രം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ ചിത്രം മാറ്റിയതു നന്നായി, ഗാന്ധിയെക്കാള്‍ വിപണനമൂല്യമുള്ളതു മോദിക്കാണ്. മോദിയുടെ പേരു വന്നതോടെ ഖാദിയുടെ വില്‍പന 14% വര്‍ധിച്ചു. ഗാന്ധിജിയുടെ ചിത്രം കറന്‍സി നോട്ടില്‍ വന്നതോടെ രൂപയുടെയും മൂല്യം ഇടിയാന്‍ തുടങ്ങി എന്നും മന്ത്രി അനില്‍ വിജ് പറഞ്ഞു.

എന്നാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ, വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ആര്‍ക്കെങ്കിലും വേദന ഉണ്ടായെങ്കില്‍ പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നു ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നു ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മയും വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയോടു ബ്രിട്ടിഷുകാര്‍ ചെയ്തതു തന്നെയാണു ബിജെപിയും ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ധീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.ഏകാധിപതികളായ ഹിറ്റ്‌ലറും മുസോളിനിയും ശക്തമായ വിപണനമൂല്യം ഉള്ളവരായിരുന്നുവെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം, മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ വേണ്ടെന്നു പൗത്രന്‍ തുഷാര്‍ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ പണം പലകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. കറന്‍സിയില്‍ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതാണു നല്ലത് – തുഷാര്‍ ഗാന്ധി മുംബൈയില്‍ പറഞ്ഞു.ഖാദി കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്കയുമായി നൂല്‍നൂല്‍ക്കുന്ന ചിത്രം നല്‍കിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നു ശിവസേനയും പ്രസ്താവിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.